
വീട്ടാനാകാത്ത കടത്തിന് പകരമായി പാകിസ്താനില്‍ ഇടപാടുകാരുടെ പെണ്മക്കളെ പിടിച്ചുകൊണ്ടു പോകുന്നതായി റിപ്പോര്‍ട്ട്. കടുത്ത ദാരിദ്ര്യം അനുഭവിക്കുന്ന പാകിസ്താനിലെ ന്യൂനപക്ഷമായ ഹിന്ദു സമൂഹത്തിനാണ് ഈ ദുര്‍വ്വിധി. കൃഷിക്കും മറ്റു കാര്യങ്ങള്‍ക്കും ചെറിയ തുകകള്‍ കടം വാങ്ങുകയും പിന്നീട് അത് പെരുകുകയും ചെയ്ത് വീട്ടാ കടമായി മാറുമ്പോള്‍ പെണ്‍കുട്ടികളെ പണം നല്‍കിയയാള്‍ പിടിച്ചുകൊണ്ടു പോകുകയും അവരെ പിന്നീട് വേശ്യാവൃത്തിക്കും മറ്റും ഉപയോഗിച്ച് പണസമ്പാദനം നടത്തുന്നെന്നതായുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങുന്ന ഒരു രാത്രിയിലായിരുന്നു 14 കാരി ജീവ്തി എന്ന പെണ്‍കുട്ടിയെ കുടുംബം കടം പറ്റിയയാള് എടുത്തുകൊണ്ടു പോയത്. ഇയാളോട് വാങ്ങിയ തുക പലിശയും പലിശയുടെ പലിശയും കയറി 67,000 രുപയായി വീട്ടാനാകാത്ത നിലയിലായതോടെയാണ് ഇയാള്‍ പെണ്‍കുട്ടിയെ പിടിച്ചു കൊണ്ടു പോയത്. കൃഷിക്ക് വേണ്ടി ഇയാളോട് വാങ്ങിയ 30,000 രുപയാണ് കടത്തിന് മേല്‍ കടമായി മാറിയത്. കടം തന്റെ മകള്‍ വീടുമെന്ന് ജീവ്തിയുടെ മാതാവ് പറഞ്ഞത്രേ.
ഇത്തരം സംഭവങ്ങള്‍ ദക്ഷിണ പാകിസ്താനില്‍ പതിവാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കടം തിരിച്ചു പിടിക്കല്‍, തര്‍ക്കങ്ങള്‍ പരിഹരിക്കല്‍, ജോലിക്കാരനോട് ജന്മിമാര് ചെയ്യുന്ന പ്രതികാരം എന്നിവയ്ക്കെല്ലാം പരിഹാരമായി പെണ്‍കുട്ടികളെ ഉപയോഗിക്കുന്നു. കടം വാങ്ങുമ്പോള്‍ തന്നെ പെണ്മക്കളെ മാതാപിതാക്കള്‍ വാഗ്ദാനം ചെയ്യുന്ന കേസുകള്‍ വരെയുണ്ട്. സുന്ദരികളും ചെറുപ്പക്കാരികളും വഴക്കമുള്ളവരുമായ പെണ്‍കുട്ടികളെയാണ് ഇക്കാര്യത്തില്‍ പുരുഷന്മാര് തെരഞ്ഞെടുക്കുന്നതും. ഇവരെ വേശ്യാവൃത്തിക്ക് ഉപയോഗിച്ച് പണം സമ്പാദിക്കാനും വീട്ടു ജോലിക്കായും രണ്ടാം ഭാര്യയായിട്ടും മറ്റുമാണ് പുരുഷന്മാര് എടുക്കുന്നതും.
ജീവ്തിയുടെ കേസില്‍ മാതാപിതാക്കള്‍ പരാതിയുമായി ചെന്നെങ്കിലും പോലീസുകാര്‍ ഗൗരവമായി എടുത്തില്ലെന്ന് മാതാവ് പറയുന്നു. കടുത്ത ചൂടുള്ള രാത്രിയില്‍ മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങുമ്പോഴാണ് പെണ്‍കുട്ടിയെ പിടിച്ചു കൊണ്ടു പോയത്. സിന്ധ് പ്രവിശ്യയില്‍ ഉണ്ടായ സംഭവത്തില്‍ പുലര്‍ച്ചെ നോക്കിയപ്പോള്‍ പെണ്‍കുട്ടി പോയിരുന്നു. പിടിച്ചു കൊണ്ടുപോയയാള്‍ മതം മാറ്റിയ ശേഷം രണ്ടാംഭാര്യയായി ഉപയോഗിക്കുകയാണ്. മതം മാറിയതിനാല്‍ ഇനി അവളെ തിരിച്ചുകിട്ടില്ലെന്ന് അയാള്‍ പറഞ്ഞെന്നും ജീവ്തിയുടെ മാതാവ് പറയുന്നു.
ആഗോള സര്‍വേ പ്രകാരം പാകിസ്താനില്‍ 20 ലക്ഷം അടിമകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. മനുഷ്യരെ അടിമകളായി ഉപയോഗിക്കുന്ന കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ പാകിസ്താന് ആദ്യത്തെ മൂന്ന് രാജ്യങ്ങളില്‍ ഒന്നാണ്. കൃഷിയിടങ്ങള്‍, ഇഷ്ടിക കളങ്ങള്‍, വീട്ടുവേല എന്നിവിടങ്ങളില്‍ ഉപയോഗിക്കുന്ന ഇവരെ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കാറുണ്ട്. വീട്ടില്‍ നിന്നും ഓടിപ്പോകാതിരിക്കാന്‍ ചങ്ങലയില്‍ പൂട്ടിയിടുന്ന സംഭവം വരെയുണ്ട്. ഓരോ വര്‍ഷവും പാകിസ്താനില്‍ പ്രായപൂര്‍ത്തിയാകാത്ത 1,000 ലധികം ക്രിസ്തീയ, ഹിന്ദു പെണ്‍കുട്ടികള്‍ ഈ ദുര്വിധിക്കിടയാകുന്നുണ്ട്.






