
തിരുവനന്തപുരം: വ്യാജ പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോന്സന് മാവുങ്കല്‍ ജീവനക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിക്കുമ്പോള്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന് അവിടെയുണ്ടായിരുന്നതായി പെണ്‍കുട്ടിയുടെ മൊഴിയുണ്ടെന്നു സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. ആ കേസില്‍ ചോദ്യം ചെയ്യാനാണു സുധാകരനെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചിരിക്കുന്നതെന്നും കേരള പത്രപ്രവര്‍ത്തക യൂണിയനും കേസരി ട്രസ്റ്റും സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ എം.വി. ഗോവിന്ദന് പറഞ്ഞു.
''മോന്സണ് മാവുങ്കല്‍ ശിക്ഷിക്കപ്പെട്ട പോക്സോ കേസില്‍ പീഡനം നടക്കുമ്പോള്‍ കെ. സുധാകരന് വീട്ടിലുണ്ടായിരുന്നെന്ന അതിജീവിതയുടെ മൊഴി ഗൗരവമുള്ളതാണ്. വിവരമറിഞ്ഞിട്ടും സഹായിച്ചില്ലെന്നും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്. പോക്സോ കേസുമായി ബന്ധപ്പെട്ടും സുധാകരനെ ചോദ്യംചെയ്യേണ്ടി വരുമെന്നാണ് ക്രൈംബ്രാഞ്ച് ഇപ്പോള്‍ പറയുന്നത്. വളരെ ഗൗരവകരമായ അവസ്ഥയിലേക്കാണു കാര്യങ്ങള്‍ നീങ്ങുന്നത്. ഒരാള്‍ക്കെതിരേയും പ്രത്യേകം കേസെടുക്കണമെന്നു ഞങ്ങള്‍ക്കു താല്പര്യമില്ല. ക്രൈംബ്രാഞ്ച് പറഞ്ഞതും വാര്‍ത്തയിലുള്ളതുമാണു പറയുന്നത്. പീഡനവിവരം അറിഞ്ഞിട്ടും സുധാകരന് ഇടപെട്ടില്ലെന്നാണ് വാര്‍ത്ത. അത് വസ്തുതയാണ്, പരിശോധിക്കട്ടെ.'' - എം.വി. ഗോവിന്ദന് പറഞ്ഞു.
അതേസമയം, തട്ടിപ്പു കേസിലാണു സുധാകരനെ ചോദ്യം ചെയ്യലിനു വിളിപ്പിച്ചതെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയതോടെ വിശദീകരണവുമായി എം.വി. ഗോവിന്ദന് വീണ്ടും രംഗത്തെത്തി. പെണ്‍കുട്ടിയുടെ മൊഴിയില്‍ സുധാകരനെ ചോദ്യം ചെയ്യാനായി വേറെ വിളിപ്പിക്കുമായിരിക്കുമെന്ന് പിന്നീട് ഗോവിന്ദന് പ്രതികരിച്ചു.
സര്‍ക്കാരിനെയും എസ്.എഫ്.ഐയെയും വിമര്‍ശിച്ചാല്‍ കേസെടുക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും ഗോവിന്ദന് പറഞ്ഞു. ''കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നാണ് പറഞ്ഞത്. മാധ്യമങ്ങള്‍ ഇവന്റ് മാനേജ് മെന്റിന്റെ ഭാഗമായി പറയാത്ത കാര്യം പറഞ്ഞുവെന്ന് കള്ളപ്രചാരണം നടത്തുകയാണ്. ഇത്രയും കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങള്‍ ലോകത്തെവിടെയുമില്ല.
മാധ്യമസ്വാതന്ത്ര്യത്തില്‍ ഏറ്റവും പിന്നില്‍ നില്ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അത് കേരളവുമായി താരതമ്യം ചെയ്യാനാണ് ചിലര്‍ ശ്രമിക്കുന്നത്. എല്ലാ അര്‍ത്ഥത്തിലും പത്രസ്വാതന്ത്ര്യം അനുവദിക്കണമെന്നാണ് സി.പി.എം. നിലപാട്. അന്ന് അവസരവാദപരമായ നിലപാട് സ്വീകരിച്ചവരെല്ലാം ഇന്ന് മാധ്യമസ്വാതന്ത്ര്യത്തിന്റെ പ്രധാനപ്പെട്ട വക്താക്കളായി വരുന്നുവെന്നുള്ളത് നല്ലത്. മാധ്യമപ്രവര്‍ത്തകര്‍ക്കും എല്ലാവര്ക്കും ഒരു നീതിയാണ്.''- എം.വി. ഗോവിന്ദന് പറഞ്ഞു.
മോന്സന് മാവുങ്കല്‍ ഉള്‍പ്പെട്ട പോക്സോ കേസില്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനെതിരേ ഇരയായ പെണ്‍കുട്ടിയുടെ മൊഴിയില്ലെന്ന് ക്രൈംബ്രാഞ്ച് അന്വേഷണസംഘം. കെ. സുധാകരനെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചത് പോക്സോ കേസില്‍ അല്ലെന്നും മോന്സന് മാവുങ്കല്‍ ഉള്‍പ്പെട്ട തട്ടിപ്പ് കേസിലാണെന്നും അന്വേഷണസംഘം വ്യക്തമാക്കി.തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ഈ മാസം 23ന് ചോദ്യംചെയ്യലിനു ഹാജരാകാനാണു ക്രൈംബ്രാഞ്ച് സുധാകരനു നോട്ടിസ് നല്‍കിയിരിക്കുന്നത്.
മോന്സന് മാവുങ്കല്‍ ഒന്നാം പ്രതിയായ തട്ടിപ്പു കേസില്‍ രണ്ടാം പ്രതിയാണ് സുധാകരന്. ഈ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സുധാകരന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. പോക്സോ കേസിലെ കോടതി രേഖകളിലും സുധാകരന്റെ പേരില്ലെന്നാണ് സൂചന.






