
ആലപ്പുഴ/തിരുവനന്തപുരം: കായംകുളം എം.എസ്.എം. കോളജില്‍ പി.ജി. പ്രവേശനത്തിനു വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച സംഭവത്തില്‍ എസ്.എഫ്.ഐ. നേതാവ് നിഖില്‍ എം. തോമസിനെതിരേ പോലീസ് കേസെടുത്തു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് താഹയുടെ പരാതിയില്‍ വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന എന്നീ വകുപ്പുകള്‍ ചുമത്തിയാണു കേസ്. ഏഴുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ.
കേസെടുത്തതിനു പിന്നാലെ നിഖില്‍ ഒളിവില്‍പോയതായി സൂചന. നിഖിലിന്റെ വീട്ടില്‍ പോലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. കഴിഞ്ഞദിവസം രാത്രിവരെ വീട്ടിലുണ്ടായിരുന്നതായി പിതാവ് പറഞ്ഞു. െസെബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം.
നിഖില്‍ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നു കേരള സര്‍വകലാശാല വി.സിയും കലിംഗ സര്‍വകലാശാല രജിസ്ട്രാറും വെളിപ്പെടുത്തിയതിനു പിന്നാലെ കായംകുളത്തുനിന്നുള്ള പോലീസ് സംഘം ഛത്തിസ്ഗഡിലെത്തി കലിംഗ സര്‍വകലാശാലയില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ചു.
പ്രിന്‍സിപ്പലിന്റെ പരാതിയില്‍ കേസെടുത്ത പോലീസ് എം.എസ്.എം. കോളജിലെത്തി അേദ്ദഹത്തിന്റെ മൊഴിയെടുത്തു. അതേസമയം, നിഖിലിനെ പ്രാഥമികാംഗത്വത്തില്‍നിന്നു പുറത്താക്കിയതായി എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീയും സെക്രട്ടറി പി.എം. ആര്‍ഷോയും പ്രസ്താവനയില്‍ വ്യക്തമാക്കി.






