
നന്ദനം സിനിമയിലെ ‘ബാലാമണി’ എന്ന കഥാപാത്രം മാത്രം മതി നവ്യ നായരെന്ന നടിയെ പ്രേക്ഷകര്‍ ഇഷ്ടപ്പെടാന്‍. വിവാഹത്തിനു മുന്‍പ് മലയാള സിനിമയിലെ നായികനിരയില്‍ തിളങ്ങി നിന്നിരുന്ന താരം കുടുംബിനിയുടെ റോളില്‍ കുറച്ചു നാള് വെള്ളത്തിര വിട്ടു നിന്നിരുന്നു. പിന്നീട് നീണ്ട ഇടവേളയ്ക്കു ശേഷം താരം മലയാള സിനിമയിലേക്ക് തിരിച്ചു വന്നു. ‘ഒരുത്തീ’ എന്ന സിനിമയിലെ ശക്തമായ കഥാപാത്രം വീണ്ടും സിനിമാപ്രേക്ഷകര്‍ക്കിടയില്‍ താരത്തെ പ്രിയങ്കരിയാക്കി. സിനിമാലൊക്കേഷനില്‍ തന്നെ കാണാനെത്തുന്ന ആരാധകരോടുള്ള താരത്തിന്റെ സൗമ്യമായ പെരുമാറ്റം എപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. സ്വന്തം വീട്ടിലെ കുട്ടിയെന്ന പോലെയാണ് നവ്യ പലപ്പോഴും ഇടപെടാറുള്ളത്. സെല്‍ഫി എടുക്കാനും സംസാരിക്കാനുമൊക്കെ താരം പ്രത്യേകം സമയം നല്‍കാറുണ്ട്. ആരാധകരോട് സംവദിക്കുന്നതില്‍ വലിയ സന്തോഷവുമാണ് താരത്തിന്. ഇപ്പോഴിതാ അത്തരമൊരു വീഡിയോയാണ് സിനിമക്കാരന് മയൂണ്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്. നവ്യയുടെ ഏറ്റവും പുതിയ സിനിമയായ ‘ജാനകി ജാനേ’യുടെ ലൊക്കേഷനില്‍ തന്നെ കാണാനെത്തിയ വീട്ടമ്മമാരോട് കുശലം പറയുകയും ചിരിക്കുകയും സന്തോഷിക്കുകയും ചെയ്യുകയാണ് നവ്യ. ഇതിനിടയില്‍ ഒരു ചേച്ചി നവ്യയെ കെട്ടിപ്പിടിക്കുകയും കവിളില്‍ ഉമ്മ കൊടുക്കുകയും ചെയ്യുന്നതും വീഡിയോയിലുണ്ട്. ‘‘ചിലരെ നമുക്ക് എന്നും കാണാനും സംസാരിക്കാനും പറ്റിന്നു വരില്ല... പക്ഷെ കൂടെ ഉള്ള സമയം അവരെ സന്തോഷിപ്പിക്കുക ... ചിലപ്പോ അതു അവരുടെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒരു നല്ല നിമിഷമായിരിക്കും... ഉമ്മ കൊടുത്ത ആ ചേച്ചിയുടെ സന്തോഷം കണ്ടില്ലേ... മറക്കില്ല അതു ഒരിക്കലും... നവ്യ ചേച്ചി ഇഷ്ടം...’’ എന്ന ക്യാപ്ഷനും നല്‍കിയാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്. ആഹാരം കഴിക്കാന്‍ സമയമായി എന്നു പറഞ്ഞ് അസിസ്റ്റന്റ് വന്നു വിളിക്കുമ്പോഴാണ് നവ്യ അവരോട് യാത്ര പറഞ്ഞ് പോകുന്നത്. ഇതേ വീഡിയോ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ നവ്യയും പങ്കിട്ടിട്ടുണ്ട്.
സിനിമയും കുടുംബജീവിതവും ബാലന്‍സ് ചെയ്ത് കൊണ്ടു പോകുകയാണ് താരം. താരത്തിന്റെ ഏറ്റവും പുതിയ സിനിമ അനീഷ് ഉപാസന സംവിധാനം ചെയ്ത ‘ജാനകീ ജാനേ’ ആയിരുന്നു. സൈജു കുറുപ്പ് നായകനായെത്തിയ സിനിമ തിയേറ്ററില്‍ വലിയ പ്രതികരണമൊന്നും സൃഷ്ടിച്ചില്ലെങ്കിലും നവ്യയുടെ കഥാപാത്രത്തിന് മികച്ച അഭിപ്രായങ്ങള്‍ നേടിക്കൊടുത്തിരുന്നു.






