ചെന്നൈ: തമിഴ്നാട് മന്ത്രി സസെന്തില് ബാലാജിയെ ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ ഇന്നു രാവിലെയായിരുന്നു ശസ്ത്രക്രിയ. സീനിയര്‍ കാര്‍ഡിയോ തൊറാസിക് കണ്‍സള്‍ട്ടന്റ സര്ജന് ഡോ.എ.ആര് രഘുറാമും അദ്ദേഹത്തിന്റെ സംഘവുമാണ് ഇന്ന് ശസ്ത്രക്രിയ നടത്തിയതെന്ന് ആശുപത്രി ബുള്ളറ്റിനില്‍ പറയുന്നു. മന്ത്രിയുടെ നില തൃപ്തികരമാണെന്നും ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി.
അതേസമയം, മന്ത്രിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാനുള്ള ഹൈക്കോടതി അനുമതി ചോദ്യം ചെയ്ത് ഇ.ഡി നല്കി ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചില്ല. ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹര്‍ജിയില്‍ ഇപ്പോള്‍ ഇടപെടാനാവില്ലെന്ന് സുപ്രീം കോടതി പറഞ്ഞു.
അനധികൃത സ്വത്ത് കേസില്‍ ഇ.ഡി കസ്റ്റഡിയില്‍ എടുത്തതിനു പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട സെന്തില്‍ ബാലാജിയെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെന്തിലിന്റെ ഹൃദയധമനികളില്‍ മൂന്ന് ബ്ലോക്കുകള്‍ ഉണ്ടെന്നും അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഇതിനിടെ, ഇ.ഡി അറസ്റ്റ് രേഖപ്പെടുത്തി. എന്നാല്‍ സെന്തില്‍ ചികിത്സ തേടുന്ന കാവേരി ആശുപത്രിയിലേക്ക് മാറ്റാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.






