
പാലക്കാട്: എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് തയാറാക്കിയ കേസില്‍ മുഖ്യപ്രതി കെ. വിദ്യ കസ്റ്റഡിയില്‍. കോഴിക്കോട് മേപ്പയൂരില്‍ കുട്ടോത്ത് സുഹൃത്തിന്റെ വീട്ടില്‍നിന്നാണ് വിദ്യയെ ഇന്നലെ അഗളി പോലീസ് കസ്റ്റഡിയിലെടുത്തത്.
ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചാണു വിദ്യയുടെ ഒളിത്താവളം കണ്ടെത്തിയതെന്ന് പോലീസ് വ്യക്തമാക്കി. താവളം മാറാനായി ഇറങ്ങിയ സമയത്താണ് പിടികൂടിയതെന്നു സൂചന. പാലക്കാട്ടെത്തിക്കുന്ന വിദ്യയെ ഇന്നു രാവിലെ 11 നു മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കും.
അഗളി പോലീസും നീലേശ്വരം പോലീസും എടുത്ത കേസുകളില്‍ വിദ്യ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ െഹെക്കോടതി അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റിയതിനു പിന്നാലെയാണ് കസ്റ്റഡി. കേസെടുത്തതിനു പിന്നാലെ ഒളിവില്‍ പോയ വിദ്യയെ 15 ദിവസത്തിനുശേഷമാണ് പോലീസിനു പിടികൂടാന്‍ കഴിഞ്ഞത്.
അതിനിടെ, വിദ്യ കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതിയിലും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. കേസ് നാളെ പരിഗണിക്കും. കേസ് അനേ്വഷിക്കുന്ന നീലേശ്വരം പോലീസിനോടു റിപ്പോര്‍ട്ട് നല്കാന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ കൊച്ചി സിറ്റി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വിദ്യ െഹെക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. അന്ന് ഈ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നില്ല.
കരിന്തളം ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് നല്കിയ കേസിലാണ് നീലേശ്വരം പോലീസ് വിദ്യയ്ക്കെതിരേ കേസെടുത്തത്. കഴിഞ്ഞ അധ്യയന വര്‍ഷം വിദ്യ കരിന്തളം കോളജില്‍ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിരുന്നു.






