
ബെംഗളൂരു: സ്കൂള്‍ ബാഗ് വിദ്യാര്‍ത്ഥികളുടെ ഭാരത്തിന്റെ 15 ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്ന് കര്‍ണാടകാ വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. സ്കൂള്‍ ബാഗ് സംബന്ധിച്ച് ഈ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്കി. ഇതിനായി 2019 സര്‍ക്കുലര്‍ വീണ്ടും സ്കൂളുകള്‍ക്ക് നല്കി. സ്കൂള്‍ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പിന്റേതാണ് നടപടി. ഉത്തരവ് കര്‍ശനമായി നടപ്പാക്കുന്നത് ഉറപ്പാക്കാന്‍ ബ്ലോക്ക് തല വിദ്യാഭ്യാസ ഓഫീസര്‍മാരോട് നിര്‍ദേശിക്കുകയും ചെയ്തു. നിലവിലെ സര്‍ക്കുലര്‍ പ്രകാരം സ്കൂള്‍ ബാഗിന്റെ അനുവദനീയമായ പരമാവധി ഭാരം വിദ്യാര്‍ത്ഥിയുടെ ഭാരത്തിന്രെ 15 ശതമാനത്തില്‍ കൂടാന്‍ പാടില്ല എന്നാണ്.
ഡോ. വിപി നിരഞ്ജനാരാധ്യ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഉത്തരവ്. സര്‍ക്കുലര്‍ അനുസരിച്ച് ക്ലാസ് 1-2 കുട്ടികളുടെ ബാഗുകള്‍ക്ക് 1.5-2 കിലോഗ്രാം ഭാരവും 3-5, 2-3 കിലോഗ്രാം ഭാരവും മാത്രമേ പാടുള്ളു. ആറ് മുതല്‍ എട്ട് വരെ: 3-4 കിലോഗ്രാം, 9-10 ക്ലാസുകളില്‍ ഇത് 4-5 കിലോഗ്രാം ആയിരിക്കണം. അതേസമയം തന്നെ ആഴ്ചയില്‍ ഒരു ദിവസം ബാഗില്ലാ ദിവസമായി ആചരിക്കണമെന്നും അത് ശനിയാഴ്ചയായാല്‍ നല്ലതെന്നും ഉത്തരവില്‍ വ്യക്തമാക്കി.
സ്കൂള്‍ വിദ്യാര്‍ഥികളുടെ ബാഗിന്റെ ഭാരം മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ പഠിക്കാനായിരുന്നു സംസ്ഥാന സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിയോഗിച്ച കമ്മിറ്റി 2018-19 കാലയളവില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 2019 അന്തിമ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ ഇത് സംബന്ധിച്ച് കര്‍ണാടകട സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഒരു സ്കൂള്‍ ബാഗിന്റെ ഭാരം കുട്ടിയുടെ ഭാരത്തിന്റെ 10 ശതമാനത്തില്‍ കൂടുന്നില്ലെന്ന് ഉറപ്പാക്കാനായിരുന്നു അന്ന് സ്കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഇത് ശക്തമായി നടപ്പിലാക്കണമെന്നാണ് പുതിയ ഉത്തരവ് പറയുന്നത്.






