
കോട്ടയം: വ്യാജസര്‍ട്ടിഫിക്കറ്റ് കേസില്‍ പിടിയിലായ മുന്‍ എസ്എഫ്ഐ നേതാവ് നിഖില്‍ തോമസ് പിടിയില്‍. ഇന്ന് പുലര്‍ച്ചെ കോട്ടയത്തെ കെ.എസ്.ആര്.ടി.സി. ബസ് സ്റ്റാന്റില്‍ നിന്നുമായിരുന്നു നിഖിലിനെ പോലീസ് പിടികൂടിയത്. കോഴിക്കോട്ട് നിന്നും കൊട്ടാരക്കരയിലേക്ക് പോകുകയായിരുന്ന നിഖിലിനെ കെ.എസ്.ആര്.ടി.സി. ബസില്‍ ഇരിക്കുമ്പോഴായിരുന്നു പിടിയിലായത്.
കോഴിക്കോട് നിന്നും കൊട്ടാരക്കരയിലേക്ക് ബസ് കയറിയ നിഖിലിനെ പോലീസ് പിന്തുടര്ന്നു പിടികൂടുകയായിരുന്നു. കൂട്ടുകാരെ കസ്റ്റഡിയിലെടുത്തതാണ് നിഖിലിനെ പിടിക്കാന്‍ കാരണമായത്. രണ്ടുദിവസം മുമ്പ് വര്‍ക്കലയിലെ റിസോര്‍ട്ടില്‍ നിഖിലിന് താമസിക്കാന്‍ സൗകര്യം ചെയ്തു കൊടുത്ത എസ്എഫ്ഐ പ്രവര്‍ത്തകരായ കൂട്ടുകാര്‍ കഴിഞ്ഞ ദിവസം ചേര്‍ത്തല കുത്തിയതോട്ടില്‍ നിന്നും പിടിയിലായിരുന്നു.
ഇവരില്‍ നിന്നും കിട്ടിയ വിവരം വെച്ച് പോലീസ് നിഖിലിനെ പിന്തുടരുകയായിരുന്നു എന്നാണ് വിവരം. ഇയാളെ കായംകുളം പോലീസ് സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്യും. വിവാദമുണ്ടായ അഞ്ചു ദിവസത്തിന് ശേഷമാണ് നിഖില്‍ കുടുങ്ങുന്നത്. വ്യാജരേഖ ഉണ്ടാക്കിയതായി തെളിഞ്ഞതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. വിവാദത്തെ തുടര്‍ന്ന് നിഖിലിനെ എസ്എഫ്ഐയും സിപിഎമ്മും പുറത്താക്കിയിരുന്നു. കായംകുളത്തെ എസ്എഫ്ഐ ഏരിയാ സെക്രട്ടറിയായിരുന്ന നിഖിൽ തോമസ് സിപിഎം കായംകുളം മാർക്കറ്റ് ബ്രാഞ്ച് കമ്മിറ്റിയംഗവുമായിരുന്നു.
എംകോമിന് പഠിക്കാന്‍ കലിംഗ സര്‍വകലാശാലയുടെ സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മ്മിച്ചെന്നാണ് നിഖിലിനെതിരേ ഉയര്‍ന്ന കേസ്. നിഖില്‍ കലിംഗയില്‍ പഠിച്ചിട്ടേയില്ലെന്ന് വ്യക്തമാക്കി സര്‍വകലാശാല തന്നെ രംഗത്ത് വരികയായിരുന്നു. ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കലിംഗ സർവകലാശാല വ്യക്തമാക്കിയതിന് പിന്നാലെ എസ്എഫ്ഐ നിഖിലിനെ പുറത്താക്കി. നിഖിൽ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത് പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ സിപിഎമ്മും പ്രവർത്തകനെതിരെ നടപടിയെടുത്തു.
കീഴടങ്ങാൻ നിഖിലിന് മേൽ സമ്മർദ്ദമുണ്ടായിരുന്നു. നിഖിലിന്റെ അച്ഛനെയും സഹോദരങ്ങളെയും സ്റ്റഷനിൽ വിളിച്ചു വരുത്തി മണിക്കൂറുകൾ ചോദ്യം ചെയ്തിരുന്നു. വ്യാജഡിഗ്രി സർട്ടിഫിക്കറ്റ് നിർമ്മിക്കാൻ നിഖിൽ തോമസിനെ സഹായിച്ചത് വിദേശത്തുള്ള മുൻ എസ്എഫ്ഐ നേതാവെന്ന് സൂചനയുണ്ട്. നിർമ്മാണം നടന്നത് കൊച്ചി കേന്ദ്രീകരിച്ചാണെന്നും നിഖിലിന്റെ സുഹൃത്ത് പൊലീസിന് മൊഴി നൽകിയതായാണ് വിവരം.






