
പട്ന: ബി.ജെ.പിക്കെതിരേ ഒറ്റക്കെട്ടായി 2024-ലെ പൊതുതെരഞ്ഞെടുപ്പ് നേരിടാന്‍ ബിഹാറിലെ പട്നയില്‍ ചേര്‍ന്ന പതിനഞ്ചിലധികം പ്രതിപക്ഷകക്ഷികളുടെ യോഗം തീരുമാനിച്ചു. അടുത്തമാസം പത്തിനോ പന്ത്രണ്ടിനോ ഹിമാചല്‍പ്രദേശിലെ സിംലയില്‍ ചേരുന്ന യോഗം സീറ്റ് വിഭജനമടക്കമുള്ള തന്ത്രങ്ങള്‍ക്ക് അന്തിമരൂപം നല്‍കും.
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറിന്റെ ഔദ്യോഗികവസതിയില്‍ നാലുമണിക്കൂറിലേറെ നീണ്ട യോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുന്‍അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുഖ്യമന്ത്രിമാരായ മമതാ ബാനര്‍ജി (പശ്ചിമബംഗാള്‍/തൃണമൂല്‍ കോണ്‍ഗ്രസ്), അരവിന്ദ് കെജ്രിവാള് (ഡല്‍ഹി/എ.എ.പി), എം.കെ. സ്റ്റാലിന് (തമിഴ്നാട്/ഡി.എം.കെ), ഭഗവന്ത് മന് (പഞ്ചാബ്/എ.എ.പി), നേതാക്കളായ ശരദ് പവാര്‍ (എന്‍.സി.പി), മെഹ്ബൂബാ മുഫ്തി (പി.ഡി.പി), ഉദ്ധവ് താക്കറെ, സഞ്ജയ് റാവുത്ത് എം.പി. (ശിവസേന), ഒമര്‍ അബ്ദുള്ള (നാഷണല്‍ കോണ്‍ഫറന്‍സ്) തുടങ്ങിയവര്‍ പങ്കെടുത്തു.
കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടി(എ.എ.പി)യും തമ്മില്‍ രൂക്ഷമായ വാദപ്രതിവാദങ്ങള്‍ക്കും യോഗം സാക്ഷ്യംവഹിച്ചു. ഡല്‍ഹി സര്‍ക്കാരിന്റെ അധികാരങ്ങള്‍ കവരുന്ന കേന്ദ്ര ഓര്‍ഡിനന്‍സിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് എ.എ.പി. നേതാവും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള് ആവശ്യപ്പെട്ടു. അക്കാര്യം ചര്‍ച്ചചെയ്യേണ്ട വേദിയല്ല ഇതെന്നും പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനത്തില്‍ ചര്‍ച്ചയാകാമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മറുപടി നല്കി.
ബി.ജെ.പിയുമായുള്ള ഒത്തുകളിയുടെ ഭാഗമായാണു കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ നിലപാടെടുക്കാത്തതെന്ന എ.എ.പി. മുഖ്യവക്താവ് പ്രിയങ്ക കാക്കറുടെ ആരോപണം പ്രകോപനപരമാണെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി. പട്ന യോഗത്തിനു തൊട്ടുമുമ്പായിരുന്നു എ.എ.പി. നേതാവിന്റെ ആരോപണം. കേന്ദ്രസര്‍ക്കാരിന്റെ ഡല്‍ഹി ഓര്‍ഡിനന്‍സിനെതിരേ കോണ്‍ഗ്രസ് ഒപ്പം നിന്നില്ലെങ്കില്‍ ഭാവിയിലെ ഒരു പ്രതിപക്ഷയോഗത്തിലും പങ്കെടുക്കില്ലെന്ന് എ.എ.പി. ആവര്‍ത്തിച്ച് വ്യക്തമാക്കി.
ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനമടക്കമുള്ള കാര്യങ്ങള്‍ അടുത്തമാസം സിംലയില്‍ ചേരുന്ന യോഗത്തില്‍ തീരുമാനിക്കുമെന്നു നിതീഷ്കുമാര്‍ സംയുക്തപത്രസമ്മേളനത്തില്‍ വിശദീകരിച്ചു. ബി.ജെ.പി. രാജ്യതാത്പര്യങ്ങള്‍ക്കു വിരുദ്ധമായാണു പ്രവര്‍ത്തിക്കുന്നത്. ചരിത്രം വഴിമാറും. യോഗത്തില്‍ പങ്കെടുത്ത നേതാക്കളെല്ലാം അവരവരുടെ കാഴ്ചപ്പാടുകള്‍ പങ്കുവച്ചു- നിതീഷ് പറഞ്ഞു. സംയുക്തപത്രസമ്മേളനത്തില്‍ അരവിന്ദ് കെജ്രിവാളിന്റെയും തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ. നേതാവുമായ എം.കെ. സ്റ്റാലിന്റെയും അസാന്നിധ്യം ശ്രദ്ധേയമായി. ഇരുവരും മടക്കയാത്രയ്ക്കുള്ള വിമാനം പിടിക്കാനാണു നേരത്തേ പോയതെന്നു നിതീഷ്കുമാര്‍ പറഞ്ഞു.
അടുത്തവര്‍ഷത്തെ പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അധികാരത്തില്‍നിന്നു പുറത്താക്കുമെന്നും പ്രതിപക്ഷസഖ്യം സര്‍ക്കാര്‍ രൂപീകരിക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പത്രസമ്മേളനത്തില്‍ അവകാശപ്പെട്ടു.






