മുംബൈ: മാട്ടിറച്ചി കടത്തിയെന്ന് ആരോപിച്ച് മഹാരാഷ്ട്രയില്‍ മുസ്ലീം യുവാവിനെ ജനക്കൂട്ടം അടിച്ചുകൊന്നു. ശനിയാഴ്ച രാത്രിയാണ് പശു ജാഗ്രത സംഘം യുവാവിനെ ആക്രമിച്ചത്. മുംബൈയിലെ കുര്‍ല സ്വദേശി അഫാന് അന്‍സാരി (32) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് നസീര്‍ ഷെയ്ഖിനൊപ്പം കാറില്‍ ഇറച്ചിയുമായി വരുമ്പോള്‍ പശു സംരക്ഷക സംഘമെന്ന് പറഞ്ഞ്് ഒരുവിഭാഗം ആളുകള്‍ ഇവരെ തടഞ്ഞുവച്ച് മര്‍ദ്ദിക്കുകയായിരുന്നു.
മാരകമായി പരിക്കേറ്റ ഇരുവേരയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ചികിത്സയിക്കിടെ അഫാന് അന്‍സാരി മരണമടഞ്ഞുവെന്നും പോലീസ് അറിയിച്ചു.
ആക്രമണ വിവരം അറിഞ്ഞ് സ്ഥലത്തെത്തുമ്പോള്‍ കാര്‍ തകര്‍ത്ത നിലയില്‍ ആയിരുന്നു. കാറിനുള്ളില്‍ രണ്ടുപേര്‍ പരിക്കേറ്റ നിലയിലും ഉണ്ടായിരുന്നുവെന്നും സബ് ഇന്‍സ്പെക്ടര്‍ സുനില്‍ ബാമ്റെ പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് 10 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകകേസും കലാപക്കേസും രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുകയാണ്. ആക്രമണത്തിന് ഇരയായവര്‍ കടത്തിയത് മാട്ടിറച്ചിയാണോ എന്ന് ലാബിലെ പരിശോധനയിലൂടെയെ വ്യക്തമാകൂ.
പശുക്കളെ അറക്കുന്നത് നിരോധിക്കുന്നതിന് നിയമം കൊണ്ടുവരുന്നത് പഠിക്കാന്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ സര്‍ക്കാര്‍ ഒരു കമ്മീഷനെ നിയോഗിച്ചിരുന്നു. കന്നുകാലി അറവും ഇറച്ചി കടത്തും നിരോധിക്കാമെന്നും ബന്ധപ്പെട്ട അധികാരികള്‍ക്ക് സംശയമുള്ള കേന്ദ്രങ്ങളില്‍ പരിശോധന നടത്താമെന്നും ബോംബെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.






