കോഴിക്കോട്: കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ സ്വത്തില്‍ സമഗ്രമായ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് വിജിലന്‍സ്. സുധാകരന്റെ ഭാര്യ സ്മിതയുടെ സ്വത്തു വിവരങ്ങള്‍ മാത്രമല്ല സുധാകരന്റെ വരുമാനവും അക്കൗണ്ടുകളും സ്വത്തും പരിശോധിക്കുന്നതായി വിജിലന്‍സ് അറിയിച്ചു.
രാജാസ് സ്കൂള്‍ ഏറ്റെടുക്കാന്‍ നടത്തിയ പണപ്പിരിവുമായി ബന്ധപ്പെട്ട് 2021 ല്‍ ലഭിച്ച പരാതി അനുസരിച്ചാണ് അന്വേഷണം. സുധാകരന്റെ കഴിഞ്ഞ 15 വര്‍ഷത്തെ വരുമാനവും സ്വത്ത് സമ്പാദനവും ആണ് അന്വേഷിക്കുന്നത്. പുതിയ അന്വേഷണം അല്ലെന്നും 2021ല്‍ തുടങ്ങിയതാണെന്നും വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ പറഞ്ഞു. സ്പെഷ്യല്‍ അസി. കമ്മീഷണര്‍ അബ്ദുല്‍ റസാക്കിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
സുധാകരന്റെ ഭാര്യയുടെ 2001 മുതലുള്ള ശമ്പളത്തിന്റെയും ആനുകൂല്യങ്ങളുടെയും വിശദാംശങ്ങള്‍ തേടി അവര്‍ പഠിപ്പിച്ചിരുന്ന കാടാച്ചിറ ഹൈസ്കൂള്‍ പ്രിന്‍സിപ്പലിനാണ് നോട്ടീസ് നല്‍കിയത്.






