
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ്ണം കടത്തിയ യാത്രക്കാരനും കടത്തിയ സ്വര്‍ണ്ണം കവര്‍ച്ച ചെയ്യാനെത്തിയ ഏഴംഗ സംഘവും പോലീസിന്റെ പിടിയിലായി. വിജനമായ സ്ഥലത്ത് വെച്ച് കാരിയറെയും കുടുംബത്തെയും തട്ടിക്കൊണ്ടുപോയി സ്വര്‍ണ്ണം കവരാനായിരുന്നു ഇവരുടെ പദ്ധതി. എന്നാല്‍ പോലീസ് ഈ വിവരം അറിഞ്ഞുവെന്ന് മനസിലാക്കിയ സംഘം പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു.
യുഎഇയില്‍ നിന്നും 67 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണം മലപ്പുറം കൊടിഞ്ഞി സ്വദേശി മുസ്തഫയാണ് കസ്റ്റംസിനെ
വെട്ടിച്ച് എയര്‍പോര്‍ട്ടിന് പുറത്തെത്തിച്ചത്. തുടര്‍ന്ന് ഇത് കവര്‍ച്ച ചെയ്യാനായി ഏഴംഗ സംഘം എയര്‍പോര്‍ട്ടിന് പുറത്തെത്തി. കാഞ്ഞങ്ങാട് സ്വദേശി റഷീദ് എന്നയാളെയാണ് ആദ്യം പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കവര്‍ച്ചാ സംഘത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്.
കാഞ്ഞങ്ങാട് സ്വദേശി സാദിഖ് ദുബായില്‍ ജോലി ചെയ്യുന്ന കോഴിക്കോാട് സ്വദേശികളായ സമീര്‍, ഷാക്കിര്‍ എന്നിവരാണ് ഗോള്‍ഡ് കാരിയറായ മുസ്തഫയുടെ വിവരങ്ങള്‍ റഷീദിന് കൈമാറിയത്. റഷീദിന് സഹായത്തിനായി വയനാട് നിന്നുള്ള 5 അംഗ സംഘവും എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു. കസ്റ്റംസ് പരിശോധനയെ അതിജീവിച്ച് കടത്ത് സ്വര്‍ണ്ണവുമായി വിമാനത്താവളത്തിന് പുറത്തെത്തിയ മുസ്തഫയും പോലീസ് കസ്റ്റഡിയിലായി. കാരിയറായ മുസ്തഫയും കവര്‍ച്ചാ സംഘത്തിലെ അംഗമായ റഷീദും പിടിയിലായതോടെ അപകടം മണത്ത കവര്‍ച്ചാസംഘം ഇവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് വയനാട്ടിലേക്ക് രക്ഷപ്പെട്ട 5 അംഗ സംഘത്തെ വയനാട് വൈത്തിരിയില്‍ വെച്ച് പോലീസ് പിടികൂടി.






