
ആലപ്പുഴ: എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിന് വ്യാജ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചു കൊടുത്തത് താന്‍ തന്നെയാണെന്ന് സമ്മതിച്ച് പിടിയിലായ അബിന്‍രാജ്. എറണാകുളത്തെ ഏജന്‍സിയില്‍ നിന്നാണ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയതെന്നും അബിന്‍രാജ് പോലീസിനോട് പറഞ്ഞു. അബിനെ പോലീസ് ഇന്നലെ രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ച് കസ്റ്റഡിയില്‍ എടുത്തിരുന്നു.
കഴിഞ്ഞദിവസം നിഖിലിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റും ബികോം ഫസ്റ്റ് ക്ലാസില്‍ പാസായെന്ന വ്യാജ മാര്‍ക്ക് ലിസ്റ്റും കണ്ടെത്തിയിരുന്നു. അബിനെ കായംകുളം പൊലീസ് ചോദ്യം ചെയ്ത് കൊണ്ടിരിക്കുകയാണ്. എസ്എഫ്ഐ മുന്‍ ഏരിയ പ്രസിഡന്റും ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമായ അബിനാണ് വ്യാജ ഡിഗ്രി ഉണ്ടാക്കാന്‍ സഹായിച്ചതെന്നാണ് നിഖില്‍ പോലീസിന് നല്കിയ മൊഴി.
രണ്ടു ലക്ഷം രൂപയ്ക്ക് കൊച്ചിയിലെ ഒറിയോണ്‍ ഏജന്‍സി വഴി തനിക്ക് കലിംഗ സര്‍വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് നല്‍കിയെന്നാണ് നിഖില്‍ പോലീസിന് കൊടുത്ത മൊഴി. മാലിദ്വീപില്‍ ജോലി ചെയ്യുകയായിരുന്ന അബിനെ കേരള പൊലീസ് സമ്മര്‍ദ്ദം ചെലുത്തിയാണ് നാട്ടില്‍ എത്തിച്ചത്. ഇന്നലെ രാത്രി 11.30 ന് നെടുമ്പാശേരിയിലെത്തിയപ്പോള് തന്നെ അബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മാലിദ്വീപില്‍ നിന്ന് വിമാനം കയറിയ അബിന്‍ ചെന്നൈയില്‍ ഇറങ്ങി കൊച്ചിയിലക്ക് വരികയായിരുന്നു. കേസുമായി ബന്ധപ്പെട്ടു ചില സുപ്രധാന തെളിവുകള്‍ കൂടി അനേ്വഷണസംഘത്തിനു ലഭിച്ചിട്ടുണ്ട്. അതേ സമയം, കേസിലെ സുപ്രധാന തെളിവായ ഫോണ്‍ കണ്ടെത്താനായിട്ടില്ല. ഫോണ്‍ കായംകുളത്തെ ഒരു തോട്ടില്‍ ഉപേക്ഷിച്ചെന്നാണു നിഖിലിന്റെ മൊഴി. എന്നാല്‍ ഇതുള്‍പ്പടെ നിഖില്‍ നല്കിയ മൊഴികളില്‍ പലതും പോലീസ് വിശ്വസിച്ചിട്ടില്ല. ഇയാളുടെ ഫോണ്‍ കോള്‍ ഡീറ്റയില്‍സ് എടുക്കാനും നീക്കം ആരംഭിച്ചിട്ടുണ്ട്.






