
ബംഗലുരു: ഇന്ത്യന്‍ വിപണിയില്‍ ഉള്ളിയുടെ വിലകയറിയത് വന്‍ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉപഭോക്താക്കളുടെ കണ്ണുനീറ്റുന്നത് തക്കാളിയുടെ വിലയാണ്. മൂന്നാല് ദിവസമായി റോക്കറ്റ് പോലെ കുതിച്ചുയരുന്ന തക്കാളിവില ബംഗലുരുവില്‍ കിലോയ്ക്ക് 100 ആയി. വരും ദിവസങ്ങളില്‍ ഇനിയും കയറുമെന്നാണ് സൂചന.
ഇന്ത്യയുടെ പല ഭാഗങ്ങളിലും 80 ന് മുകളിലാണ് തക്കാളി വില. മഴ പലയിടത്തും തക്കാളികൃഷിയെ ബാധിച്ചതാണ് വിലവര്‍ദ്ധനവിന് കാരണമായി പറയുന്നത്. ഡല്‍ഹിയില്‍ 80 രൂപയ്ക്കാണ് ഒരുകിലോ തക്കാളി വില്‍ക്കുന്നത്. ബംഗലുരുവിലും റായ്പൂരിലുമെല്ലാം വില 100 രൂപ കടന്നു. വില ഇനിയും കൂടി കിലോയ്ക്ക് 80-120 ലേക്ക് ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡല്‍ഹിയിലേക്കും മറ്റും തക്കാളി സാധാരണ എത്തുന്നത് ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നെല്ലാമാണ്. ഇവിടെ നിന്നുള്ള തക്കാളിവരവ് കുറഞ്ഞതോടെ കച്ചവടക്കാര്‍ ബംഗലുരുവിലെ പ്ലാന്റുകളില്‍ നിന്നും പച്ചക്കറി വാങ്ങേണ്ട സ്ഥിതിയാണ്. വടക്കന്‍ മേഖലയില്‍ തക്കാളിവില 30-80 ആണ്. പടിഞ്ഞാറന്‍ ഭാഗത്ത് അത് 30-85 നിരക്കിലും കിഴക്കന്‍മേഖലയില്‍ 40-80 നിരക്കിലുമാണ് വില്‍പ്പന നടക്കുന്നത്. അതേസമയം മൊത്തവില 60-75 ആണ്. കഴിഞ്ഞ രണ്ടുദിവസം കൊണ്ടാണ് വില ഇരട്ടിയായത്. ബംഗലുരുവിലെ വിലവര്‍ദ്ധനവ് കേരളത്തിനെയും ബാധിച്ചേക്കും.






