
അഴിമതി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ തമിഴ്നാട് ഗവർണർ പുറത്താക്കി. നിലവില്‍ വകുപ്പില്ലാ മന്ത്രിയായി തമിഴ്നാട് മന്ത്രിസഭയില്‍ തുടരുകയായിരുന്നു സെന്തില്‍ ബാലാജി. എന്നാല്‍ വകുപ്പില്ലാ മന്ത്രിയായി ബാലാജി തുടരുന്നത് ഭരണഘടനാ സ്തംഭനത്തിന് വഴിവെക്കുമെന്ന് കാണിച്ചാണ് തമിഴ്നാട് ഗവർണറുടെ അസാധാരണ നടപടി. മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ ക്രിമിനൽ നടപടികൾ നേരിടുന്ന ബാലാജി തുടരുന്നതിനോട് ഗവർണർ ആർഎൻ രവി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സെന്തിൽ ബാലാജിയുടെ വകുപ്പുകൾ പുനഃക്രമീകരിക്കാൻ അദ്ദേഹം നേരത്തെ സമ്മതിച്ചിരുന്നെങ്കിലും മന്ത്രിയായി തുടരുന്നതിനോട് ഗവർണർ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.
2013–14ൽ ഗതാഗത മന്ത്രിയായിരിക്കെ ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്, എൻജിനീയർ തസ്തികകളിൽ ജോലി വാഗ്ദാനം ചെയ്തു കോഴ വാങ്ങിയെന്നാണു സെന്തിൽ ബാലാജിക്കെതിരായ കേസ്. കോടതി ജൂൺ 28 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത് മണിക്കൂറുകൾക്ക് ശേഷം സെന്തിൽ ബാലാജിയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സെന്തില്‍ ബാലാജിയുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി ജൂലൈ 12 വരെ നീട്ടി.
സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്നു പുറത്താക്കണമെന്ന ഗവർണർ ആർ.എൻ.രവിയുടെ ശുപാർശ ഡിഎംകെ സർക്കാർ തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ഗവര്‍ണറുടെ നടപടി. ഇതോടെ തമിഴ്നാട്ടിൽ ഗവർണറും സർക്കാരും തമ്മിൽ നിലനിന്നിരുന്ന അഭിപ്രായഭിന്നത കൂടുതൽ രൂക്ഷമാകുമെന്നാണ് സൂചന.






