
തിരുവനന്തപുരം : ഓപ്പറേഷന് തീയറ്ററില്‍ മതവിശ്വാസം സംരക്ഷിക്കുന്ന വസ്ത്രം അനുവദിക്കണമെന്ന ആവശ്യത്തില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വേഷം നിർണയിക്കുന്നത് ഭരണകൂടമല്ല. ഓപ്പറേഷൻ തിയേറ്ററിലെ വേഷം നിശ്ചയിക്കുന്നത് വിദഗ്ധരാണെന്നും അവർ പറഞ്ഞു.
ഒരു മെഡിക്കൽ കോളജിലെ വിദ്യാർഥികൾ അവരുടെ അധ്യാപകരോട് ഒരു ആവശ്യമുന്നയിച്ചു. അധ്യാപകർ അതിന് മറുപടി നൽകും. തികച്ചും സാങ്കേതികമായ വിഷയമാണിത്. പ്രാധാന്യം രോഗിയുടെ ജീവന്, ഡോക്ടർമാരുടെ സംഘടനകൾ തന്നെ അതിനോട് പ്രതികരിച്ചിട്ടുണ്ട്. അത് വിവാദമാക്കേണ്ട വിഷയമില്ലെന്നും വീണാ ജോർജ് പറഞ്ഞു.
തിങ്കളാഴ്ചയാണ് മുസ്ലിം മത വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്ക് 'വിശ്വാസം അനുസരിച്ച് ഹിജാബ് നിർബന്ധം' എന്ന് പറഞ്ഞുകൊണ്ടുള്ള കത്ത് വിദ്യാർഥിനികൾ പ്രിൻസിപ്പാളിന് കൈമാറിയത്. ഏത് സാഹചര്യത്തിലും ഹിജാബ് നിർബന്ധം ആണെന്നും ഹിജാബ് ഓപ്പറേഷൻ തിയറ്ററിലും അനുവദിക്കണമെന്നുമായിരുന്നു ആവശ്യം.
ഇത്തരം ആവശ്യങ്ങൾ അംഗീകരിക്കുന്നത് ശാസ്ത്രീയമായും ധാർമ്മികമായും യോജിച്ചതല്ലെന്ന് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ) പറഞ്ഞു. നിലവിലുള്ള രീതിയും പ്രോട്ടോകോളുകളും തുടരണമെന്നാണ് അസോസിയേഷൻ ആവശ്യപ്പെടുന്നതെന്ന് ഐഎംഎ സ്റ്റേറ്റ് പ്രസിഡന്റ് ഡോ. സുൽഫി നൂഹ് പ്രതികരിച്ചു. ആഗോളതലത്തിൽ ആശുപത്രിയിലും ഓപ്പറേഷൻ തിയേറ്ററിലും രോഗിയാണ് പ്രധാനം.






