
കോഴിക്കോട്: ട്രെയിനില്‍ നിന്നും വീണ് തലയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് സ്മൃതിനാശവും മാനസീകാസ്വസ്ഥതയും പിടിപ്പെട്ട ഒറീസക്കാരനെ എട്ടു മാസത്തെ തെരച്ചിലിനൊടുവില്‍ വീട്ടുകാര്‍ കണ്ടെത്തി. കേരളത്തില്‍ ജോലി ചെയ്യാനെത്തി അപകടത്തില്‍ പരിക്കേറ്റ 25 കാരന് കാലാ സുന്ദര്‍ ബിസായ് യെയാണ് പിതാവ് കഴിഞ്ഞ ദിവസം കോഴിക്കോട് കുതിരവട്ടം മാനസീകാസ്വാസ്ഥ്യ കേന്ദ്രത്തില്‍ നിന്നും കണ്ടെത്തിയത്. ശനിയാഴ്ച പിതാവ് ലെയ്ക്കാന് ബിസായി ഇവിടെയെത്തി.
2016 ഏപ്രില്‍ മുതലാണ് ഒറീസക്കാരനായ ലെയ്ക്കാന് ബിസായി മകനെ തെരഞ്ഞു തുടങ്ങിയത്. ഇയാളുടെ തെരച്ചില്‍ ഒടുവില്‍ കോഴിക്കോട്ടെ കുതിരവട്ടം ഗവണ്മെന്റ് മാനസീകാശുപത്രിയില് അവസാനിക്കുകയായിരുന്നു. കേരളത്തില്‍ പണിയന്വേഷിച്ചു വരികയും മലപ്പുറത്ത് സുഹൃത്തുക്കള്‍ക്കൊപ്പം താമസിച്ച് ജോലി ചെയ്തു വരുന്നതിനിടയില്‍ 2016 ഏപ്രില്‍ 9 ന് ട്രെയിനില്‍ വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലായി. പിന്നീട് മാനസീകാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ജൂണ്‍ 29 ന് കുതിരവട്ടം മാനസീകാശുപത്രിയില് പ്രവേശിപ്പിക്കുകയും ചെയ്തു.
പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ തന്നെ മറവിരോഗം പിടിപെട്ട ഇയാളെ തൊട്ടുപിന്നാലെ മാനസീകാസ്വാസ്ഥ്യവും പിടികൂടി. എന്നാല്‍ കുതിരവട്ടം ആശുപത്രിയിലെ ദീര്‍ഘകാല ചികിത്സയുടേയും വിവിധ തെറാപ്പികളുടെയും പുനരധിവാസ പരിപാടികളിലൂടെയുമെല്ലാം ഇയാളെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരികയായിരുന്നു. എട്ടു മാസമായി മകനുവേണ്ടി തെരച്ചില്‍ നടത്തിക്കൊണ്ടിരുന്ന ലെയ്ക്കന്‍ ബേസായി പ്രതീക്ഷയെല്ലാം അസ്തമിച്ച് തെരച്ചില്‍ അവസാനിപ്പിക്കാന്‍ തുടങ്ങിയപ്പോഴാണ് ഒരു മലയാളം പത്രത്തില്‍ മകന്റെ വിവരം കണ്ടത്. മാതാവും സഹോദരിയൂം ഭാര്യയും രണ്ടു വയസ്സുള്ള കുഞ്ഞും ഉള്‍പ്പെടെ എല്ലാവരും കാലാ സുന്ദറിന് വേണ്ടി കാത്തിരിക്കുകയാണെന്ന് പിതാവ് പറഞ്ഞു.
ആശുപത്രിയുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന് എം ശിവന് എന്ന യാളാണ് കാലാ സുന്ദറിന്റെ കുടുംബത്തെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക് സഹായമായത്. ഇയാള്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒറീസയിലെ കോഡിംഗ എന്ന സ്റ്റേഷനിലെ ഇന്‍സ്പെക്ടറാണ് കുടുംബവുമായി ബന്ധപ്പെട്ടത്. ഉടന്‍ തന്നെ കുടുംബം കേരളത്തിലേക്ക് തിരിക്കുകയും ചെയ്തു. കഴിഞ്ഞ ആറു മാസമായി മാനസീകാരോഗ്യകേന്ദ്രത്തിലെ 13 പേരുടെ ബന്ധുക്കളെ കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണ് ആശുപത്രി. 479 അന്തോവാസികളില് 35 പുരുഷന്മാരുടേയും 20 സ്ത്രീകളുടെയും അഡ്രസ് പോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.






