
തൃശൂര്‍/കൊച്ചി: പിണറായി സര്‍ക്കാരിന്റെ രണ്ടാംവാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ 30 പുസ്തകങ്ങളുടെ പുറംചട്ടയിലെ പരസ്യത്തെച്ചൊല്ലി കേരള സാഹിത്യ അക്കാഡമി തലപ്പത്ത് ശീതസമരം. പുസ്തകങ്ങളിലെ സര്‍ക്കാര്‍ പരസ്യത്തോടു വിയോജിച്ച് അക്കാഡമി അധ്യക്ഷനും കവിയുമായ കെ. സച്ചിദാനന്ദനും ന്യായീകരിച്ച് സെക്രട്ടറി സി.പി. അബൂബക്കറും രംഗത്തുവന്നതോടെയാണു ഭിന്നത മറനീക്കിയത്.
തന്നെ അറിയിക്കാതെയാണു പുസ്തകങ്ങളില്‍ പരസ്യം നല്‍കിയതെന്നും അതില്‍ വിയോജിപ്പുണ്ടെന്നും സച്ചിദാനന്ദന് തുറന്നടിച്ചു. സര്‍ക്കാരുകള്‍ വീഴേണ്ടവയും പുസ്തകങ്ങള്‍ നിലനില്ക്കേണ്ടവയുമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പുസ്തകത്തില്‍ പരസ്യം പതിച്ചതിനെതിരേ മറ്റ് എഴുത്തുകാരും സാംസ്കാരികപ്രവര്‍ത്തകരും രംഗെത്തത്തി. പുസ്തകങ്ങളിലെ പരസ്യം വ്യക്തിപൂജയാണെന്നു കവി അന്‍വര്‍ അലി പറഞ്ഞു. അവ പിന്‍വലിച്ച് പുറംചട്ട മാറ്റി അച്ചടിക്കണം.
ഈ പുസ്തകങ്ങളുടെ എഴുത്താളര്‍ പരസ്യമായി നിലപാട് വ്യക്തമാക്കണം. സച്ചിദാനന്ദന് ഇക്കാര്യം അറിഞ്ഞിരുന്നില്ലെങ്കില്‍ പരസ്യമച്ചടിച്ച പുസ്തകങ്ങള്‍ പിന്‍വലിക്കാന്‍ അടിയന്തരനടപടി സ്വീകരിക്കണം. അല്ലെങ്കില്‍ സര്‍ക്കാരിനെ എതിര്‍പ്പ് അറിയിക്കുകയോ രാജിവയ്ക്കുകയോ െചയ്യണം.
അക്കാഡമി പുസ്തകങ്ങളുടെ ചട്ട സര്‍ക്കാരിന്റെ പരസ്യപ്പലകയാക്കുന്നതില്‍ അനൗചിത്യമില്ലെന്ന് ഉദ്യോഗസ്ഥനായ സെക്രട്ടറി കരുതുന്നുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ ഔദ്യോഗികനിലപാടാണ്. എന്നാല്‍ അശോകന് ചെരുവില്‍, സുനില്‍ പി. ഇളയിടം, ഇ.പി. രാജഗോപാലന്‍ എന്നീ നിര്‍വാഹകസമിതി അംഗങ്ങള്‍ നിലപാട് വ്യക്തമാക്കണം- അന്‍വര്‍ അലി ഫെയ്സ്ബുക്കില്‍ കുറിച്ചു. പി.എഫ്. മാത്യൂസ്, ശാരദക്കുട്ടി, എന്‍.ഇ. സുധീര്‍ തുടങ്ങിയവരും അക്കാഡമി നടപടിയെ വിമര്‍ശിച്ചു.
പരസ്യം നല്‍കിയതില്‍ തെറ്റില്ലെന്നും ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നുവെന്നും സെക്രട്ടറി സി.പി. അബൂബക്കര്‍ പറഞ്ഞു. ഇതില്‍ രാഷ്ട്രീയമില്ല. സര്‍ക്കാരിന്റെ മുദ്രയാണു പതിച്ചത്. ഇക്കാര്യം അക്കാഡമി അധ്യക്ഷനുമായി ചര്‍ച്ച ചെയ്തില്ല. അങ്ങനെ ചെയ്യണമെന്നു തോന്നിയില്ല. ഇനി അധ്യക്ഷനുമായി ആലോചിച്ച് തീരുമാനമെടുക്കും. പുറംചട്ട മാറ്റി പുസ്തകം പ്രസിദ്ധീകരിക്കില്ലെന്നും അബൂബക്കര്‍ വ്യക്തമാക്കി.
സാഹിത്യ അക്കാഡമിയെ ഭരണകക്ഷിയുടെ ഓഫീസായി തരംതാഴ്ത്തരുതെന്നു മുന്‍ഭാരവാഹികളും എഴുത്തുകാരുമായ യു.കെ. കുമാരന്, ഡോ.പി.വി. കൃഷ്ണന് നായര്‍, ഡോ.എം.ആര്. തമ്പാന്, പ്രഫ. കാട്ടൂര്‍ നാരായണപിള്ള, ഡോ. അജിതന് മേനോത്ത്, എല്‍.വി. ഹരികുമാര്‍, ഡോ.ടി.എസ്. ജോയി, ഡോ. വിളക്കുട്ടി രാജേന്ദ്രന്, സുദര്ശന് കാര്‍ത്തികപ്പറമ്പില്‍, ഷാജു പുതൂര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.






