
ത്വക്കിലെ കോശങ്ങളുടെ അസാധാരണ വളര്‍ച്ചയാണ് സ്കിന്‍ ക്യാന്‍സര്‍. വ്യത്യസ്ത തരത്തിലുള്ള അര്‍ബുദങ്ങളുണ്ട്. സ്കിന്‍ ക്യാന്‍സര്‍ പ്രധാനമായും മൂന്ന് തരത്തിലാണ്, ബേസല്‍ സെല്‍ കാര്‍സിനോമ, സ്ക്വാമസ് സെല്‍ കാര്‍സിനോമ, മെലനോമ.
സാധാരണയായി ചര്‍മ്മത്തിന്റെ ഉപരിതലത്തില്‍ പ്രത്യക്ഷപ്പെടുന്നതാണ് ബേസല്‍ സെല്‍ കാര്‍സിനോമ. സ്ക്വാമസ് സെല്‍ ക്യാന്‍സര്‍ ത്വക്കിന്റെ പുറം ഭാഗത്തുള്ള കോശങ്ങളെ ബാധിക്കുന്നു. മെലനോമ നിങ്ങളുടെ ശരീരത്തില്‍ എവിടെയും സംഭവിക്കാം.
സൂര്യന്റെ അൾട്രാവയലറ്റ് രശ്മികൾ കോശത്തിന്റെ ഡിഎൻഎയെ നശിപ്പിക്കുന്നതും മൂലവും പ്രതിരോധശേഷി ദുര്‍ബലമാകുന്നതു മൂലവും സ്കിന്‍ ക്യാന്‍സര്‍ സാധ്യത കൂട്ടുന്നു. തലയോട്ടി, മുഖം, ചുണ്ടുകള്‍, ചെവികള്‍, കഴുത്ത്, നെഞ്ച്, കൈകള്‍, കാലുകള്‍ തുടങ്ങിയ ശരീരത്തിന്റെ ഭാഗങ്ങളിലാണ് സ്കിന്‍ ക്യാന്‍സര്‍ കൂടുതലായി കാണപ്പെടുന്നത്.
പുകയിലയുടെ അമിത ഉപയോഗം, റേഡിയേഷന് മൂലവും സ്കിന്‍ ക്യാന്‍സര്‍ ഉണ്ടാകാം. നേരത്തെ കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ചു മാറ്റാന്‍ സാധിക്കുന്ന രോഗം കൂടിയാണ് ചര്‍മ്മത്തെ ബാധിക്കുന്ന അര്‍ബുദം.
ഒരു പുതിയ പാടോ ഒരു മറുകോ വന്നാലും നിസാരമായി കാണേണ്ട. ക്രമരഹിതമായ മറുകുകള്‍ ചര്‍മ്മ ക്യാന്‍സറിന്റെ ഒരു സാധാരണ ലക്ഷണമാണ്. ചര്‍മ്മത്തിലെ ചില കറുത്ത പാടുകള്‍, ചര്‍മ്മത്തിലെ ചൊറിച്ചില്‍ എന്നിവയെല്ലാം സ്കിന്‍ ക്യാന്‍സറുമായി ബന്ധപ്പെട്ടിരിക്കുന്നു.






