
കടുത്ത ശരീരസൗന്ദര്യ പരിശീലനം ജീനി വെക്കര്‍ എന്ന 47 കാരിയ്ക്ക് സമ്മാനിച്ചത് ശരീരം മുഴുവന്‍ മസിലുകളാണ്. അതുകൊണ്ടു തന്നെ 'പുരുഷന്' എന്ന വിളിയെ ഇവര്‍ എടുക്കുന്നത് താന്‍ ശാക്തീകരിക്കപ്പെട്ട സ്ത്രീയായി എന്ന തത്വത്തിലാണ്. അമേരിക്കയിലെ സീറ്റില്‍ കാരിയാണ് ജീനി വെക്കര്‍.
തന്റെ സാമൂഹ്യമാധ്യമ പേജില്‍ വരുന്ന നെഗറ്റീവ് കമന്റുകള്‍ കേട്ട് 2008 മുതല്‍ തുടങ്ങിയ ശരീര സൗന്ദര്യ പരിശീലനം നിര്‍ത്തിവെയ്ക്കാന്‍ ഇവര്‍ ഒരുക്കമല്ല. നേവിയില്‍ ചേരുന്നതിന്റെ ഭാഗമായി തന്റെ 20 കളില്‍ തുടങ്ങിയ ശരീര സൗന്ദര്യ പരിശീലന പരിപാടി 47 വയസ്സായിട്ടും തുടരുകയാണ്. അവരുടെ ബൈസെപ്സ് ഇപ്പോള്‍ 17 ഇഞ്ചുണ്ട്. തുടവണ്ണം 26 ഇഞ്ചാണ്. മസൗറിയിലെ ഒരു ചെറു പട്ടണത്തിലാണ് ജീനി വളര്‍ന്നത്. പിതാവ് സൈന്യത്തിലായിരുന്നു. പിന്നീട് 21 വയസ്സ് പ്രായമെത്തിയപ്പോള്‍ ജീനിയും നേവിയില്‍ ചേര്‍ന്നു.
സൈന്യത്തിനൊപ്പം ജീനി കൊറിയ, ജപ്പാന്, തായ്ലന്റ്, ഫിലിപ്പീന്‍സ്, ഹോങ്കോംഗ്, ഓസ്ട്രേലിയ, യുഎഇ, ഖത്തര്‍, ബഹ്റിന് എന്നിവിടങ്ങളിലെല്ലാം സഞ്ചരിച്ചിട്ടുണ്ട്. ബോഡിബില്ഡറാകുക എന്നത് ഇവരുടെ പദ്ധതിയിലേ ഇല്ലായിരുന്നു. തുടക്കത്തില്‍ തന്നോട് തന്നെ ഇക്കാര്യം പറഞ്ഞ് ചിരിച്ചിട്ടുണ്ടെന്ന് ജീനി പറയുന്നു. എന്നാല്‍ സ്വന്തം രീതിയില്‍ പരിശീലിക്കാന്‍ സമയം കണ്ടെത്തുകയും മത്സരത്തിന് പോകുകയുമായിരുന്നു.
1999 ല്‍ പെന്റില്ടണ് മറൈന്‍ കോപ്സിന്റെ മഡ്റണ് ക്യാമ്പില്‍ ആയിരുന്ന സമയത്ത് ഭാരം ഉയര്‍ത്താന്‍ തുടങ്ങി. ഇവിടുത്തെ കഠിന ജോലികള്‍ മൂലം പതിയെ പതിയെ മസിലുകള്‍ പെരുക്കാന്‍ തുടങ്ങി. ഇതോടെ പരിശീലന രീതി തന്നെ മാറ്റി. മസില് വെയ്ക്കുന്ന രീതിയിലുള്ള പരിശീലനങ്ങള്‍ തുടങ്ങി. വല്ലാതെ ക്ഷീണം തോന്നുമ്പോള്‍ ഒഴിച്ചാല്‍ ആഴ്ചയില്‍ ഏഴ് ദിവസം എന്ന രീതിയില്‍ തന്നെ പരിശീലനം നടത്തി. 2008 നും 2002 നും ഇടയില്‍ അമേരിക്കയില്‍ 17 ലധികം ശരീരസൗന്ദര്യ മത്സരത്തിലാണ് ജീനി പങ്കെടുത്തത്. അനേകം മത്സരങ്ങളില്‍ ജേതാവാകുകയും ചെയ്തു.