
ന്യുഡല്‍ഹി: അരിക്കൊമ്പന് വിഷയത്തില്‍ നിരന്തരം പൊതുതാല്പര്യ ഹര്‍ജിയുമായി എത്തിയ ഹര്‍ജിക്കാര്‍ക്ക് സുപ്രീം കോടതിയുടെ 'മയക്കുവെടി' കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കുന്നതിനാണ് 25,000 രൂപ പിഴ ചുമത്തിയത്. അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്.
അരിക്കൊമ്പന് ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ലെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ നിങ്ങള്‍ എന്തിനാണ് അതറിയുന്നതെന്നായിരുന്നു കോടതിയുടെ മറുചോദ്യം. അരിക്കൊമ്പനെ കുറിച്ച് ഒന്നും പറയേണ്ട. എല്ലാ രണ്ടാഴ്ചയും അരിക്കൊമ്പന് വേണ്ടി പൊതുതാല്പര്യ ഹര്‍ജി വരുന്നു ഹര്‍ജിക്കാരെ കൊണ്ട് പൊരുതിമുട്ടുന്നുവെന്നും കോടതി വിമര്‍ശിച്ചു.
അരിക്കൊമ്പനെ മയക്ക് വെടി വയ്ക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് വാക്കിങ് ഐ ഫൗണ്ടേഷന് ഫോര്‍ ആനിമല്‍ അഡ്വക്കസി എന്ന സംഘടനയാണ് ഹര്‍ജി നല്‍കിയത്. ഒന്നിലധികം തവണ മയക്കുവെടിയേറ്റ അരിക്കൊമ്പന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും ആനയ്ക്ക് പരിക്കുണ്ടെന്നുമായിരുന്നു ഹര്‍ജിയിലെ വാദം. നിലവില്‍ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലവുമായി അരിക്കൊമ്പന് ഒത്തുപോകുന്നില്ല. ഇത് ആനയുടെ ആരോഗ്യത്തെ ബാധിച്ചെന്നും ഈ സാഹചര്യത്തില്‍ അരിക്കൊമ്പന് ഇനി മയക്കുവെടി വയ്ക്കരുതെന്ന് നിര്‍ദേശിക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. എന്നാല്‍ നിരന്തരമുള്ള അരിക്കൊമ്പന് ഹര്‍ജികളില്‍ നിരസം പ്രകടിപ്പിച്ച കോടതി, അതുതന്നെയാണോ കോടതിയുടെ യഥാര്‍ഥ ലക്ഷ്യമെന്നും ചോദ്യം ഉന്നയിച്ചു.
ഭരണഘടനയുടെ 32 അനുച്ഛേദ പ്രകാരം ഫയല്‍ ചെയ്യുന്ന ഹര്ജികളോട് സുപ്രീം കോടതി സ്വീകരിക്കുന്ന സമീപനത്തെ അഭിഭാഷകന് വിമര്‍ശിച്ചതാണ് പിഴയിടാന്‍ കാരണമായത്. 25000 രൂപ പിഴ ഇട്ടത് പിന്‍വലിക്കണമെന്ന് അഭിഭാഷകന് ആവശ്യപ്പെട്ടുവെങ്കിലും കോടതി ഇതിന് തയ്യാറായില്ല. ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു.
അരിക്കൊമ്പന് വിഷയവുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍ നല്കിയ ഹര്‍ജിയും ഇന്നലെ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് തള്ളിയിരുന്നു.






