കൊച്ചി: എറണാകും അങ്കമാലി അതിരൂപതയുടെ ബസിലിക്ക ദേവാലയം തുറക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം തുടരുന്നു. സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക വികാരി സ്ഥാനത്തുനിന്ന് നീക്കിയ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ നടപടി ചോദ്യം ചെയ്ത് വികാരി മോണ്‍. ആന്റണി നരികുളം അപ്പീല്‍ നല്കി. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കാണ് അപ്പീല്‍ നല്‍കിയത്.
വികാരിയായി മൂന്നു വര്‍ഷം തുടരാന്‍ അവകാശമുണ്ടെന്നും അപ്രതീക്ഷിതമായി ചുമതലയില്‍ നിന്ന് നീക്കാനാവില്ലെന്നും കാനോന്‍ നിയമം ഉദ്ധരിച്ച് അദ്ദേഹം നല്കിയ അപ്പീലില്‍ പറയുന്നു. വികാരി സ്ഥാനം ഒഴിയില്ലെന്നും മോണ്‍.നരികുളം പറയുന്നു.
അടിയന്തരമായി വികാരി സ്ഥാനം ഒഴിയണമെന്നും പുതിയ വികാരിയായി ഫാ.ആന്റണിപൂതവേലിയെ നിയമിച്ചുവെന്നും കാണിച്ച് ഈ മാസം നാലിനാണ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മോണ്‍.നരികുളത്തിന് കത്ത് നല്‍കിയത്. ഇതിനെതിരെ മോണ്‍.നരികുളം മാര്‍ താഴത്തിന് അപ്പീല്‍ നല്‍കിയിരുന്നു. എന്നാല്‍ അപ്പീല്‍ തള്ളുകയായിരുന്നു. മോണ്‍.നരികുളത്തെ മൂഴിക്കുളം ഫൊറോന പള്ളിയിലേക്കാണ് സ്ഥലംമാറ്റിയത്.
അതേസമയം, ഫാ.ആന്റണി പൂതവേലിയെ വികാരിയായി അംഗീകരിക്കില്ലെന്ന് ബസിലിക്ക ഇടവക സമൂഹവും അത്മായ മുന്നേറ്റവും സംയുക്ത പത്രക്കുറിപ്പില്‍ വ്യക്തമാക്കി.






