
മദ്യവരുമാനത്തില്‍ കുറവ് സംഭവിച്ച ഔട്ട്ലെറ്റ് മാനേജര്‍മാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കി ബെവ്കോ. പ്രതിദിനം ആറ് ലക്ഷം രൂപയില്‍ താഴെ മാത്രം വരുമാനം ലഭിക്കുന്ന 30 വില്‍പ്പനശാലകളുടെ ചുമതലക്കാര്‍ക്കാണ് നോട്ടീസ് അയച്ചത്. പ്രതിദിന വരുമാനം ആറ് ലക്ഷത്തിലും കുറവ് വന്നത് മാനേജര്‍മാരുടെ മേൽനോട്ടം കുറഞ്ഞതിനാലാണെന്ന് ഓപ്പറേഷൻസ് വിഭാഗം ജനറൽ മാനേജർ നൽകിയ നോട്ടീസിൽ പറയുന്നു.
തൊടുപുഴ, കൊട്ടാരക്കര, പെരുമ്പാവൂര്‍, കടവന്ത്ര, കോട്ടയം, ആലുവ, തൃശൂര്‍, പത്തനംതിട്ട, ചാലക്കുടി , അയര്‍ക്കുന്നം, നെടുമങ്ങാട്, തിരുവല്ല, ബറ്റത്തൂര്‍, തൃപ്പൂണിത്തറ വെയര്‍ഹൗസുകള്‍ക്ക് കീഴിലുളള ഔട്ട്ലെറ്റുകളിലാണ് മദ്യവില്പനയില് കുറവ് സംഭവിച്ചത്. ഈ ഔട്ട്ലെറ്റുകളുടെ മാനേജര്‍മാര്‍ അഞ്ച് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് ഓപ്പറേഷന്‍സ് വിഭാഗം ജനറല്‍ മാനേജര്‍ അയച്ച നോട്ടീസില്‍ പറയുന്നത്.
ഏറ്റവും കുറവ് വരുമാനം തൊടുപുഴ വെയർഹൗസിന് കീഴിലെ ഔട്ട്ലെറ്റുകളിലാണ്. മൂന്നാർ, ചിന്നക്കനാൽ, പൂപ്പാറ, മൂലമറ്റം, കോവിൽക്കടവ് ഔട്ട്ലെറ്റുകളിലാണ് ഏറ്റവും കുറവ് വിൽപ്പന. മൂന്നാർ അടക്കമുള്ള വിനോദ സഞ്ചാര മേഖലകളിലെ ഔട്ട്ലെറ്റുകളിൽ വരുമാനം കുറഞ്ഞതും കോർപ്പറേഷനു തിരിച്ചടിയായി.
ബാറുകളെ സഹായിക്കാന്‍ ജനപ്രിയ ബ്രാന്‍ഡുകള്‍ പൂഴ്ത്തിവെച്ച് ജീവനക്കാര്‍ കച്ചവടം കുറയ്ക്കുന്നുണ്ടോ എന്ന സംശയമുണ്ട്. അഞ്ചുലക്ഷത്തിനു മുകളിൽ കച്ചവടം ഭൂരിഭാഗം മദ്യവിൽപന ശാലകളിലും നടക്കാറുണ്ട്. ആറുലക്ഷത്തിനുമേൽ ദിവസ വരുമാനമില്ലെങ്കിൽ നഷ്ടമാണെന്നാണ് ബിവറേജസ് കോർപറേഷന്റെ വിലയിരുത്തൽ. എന്നാല്‍ നല്ല വില്‍പ്പന നടന്നിരുന്ന കടകളുടെ സ്ഥലം മാറ്റിയതാണ് വില്പന കുറയാന്‍ ഒരു പരിധി വരെ കാരണമെന്നാണ് ജീവനക്കാര്‍ പറയുന്നത്.






