
‘‘എനിക്ക് ശരിക്കും അത്ഭുതമായിരുന്നു. ഇതുവരെ ജീവിതത്തില്‍ അത്രയും പണം ഞാന്‍ കണ്ടിട്ടില്ല. ഫ്രാഞ്ചൈസികള്‍ എനിക്കായി ലേലം വിളിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ അമ്പരന്നു. ഇന്ത്യന്‍ സീനിയര്‍ താരങ്ങള്‍ പോലും ലേലത്തില്‍ അവഗണിക്കപ്പെടുന്നത് ഞാന്‍ കണ്ടു. ഒടുവില്‍ ഞാന്‍ സ്വപ്നം കണ്ടതിനും അപ്പുറമുള്ള നിമിഷം വന്നുചേര്‍ന്നു’’ - വനിതാ ഐ.പി.എലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 30 ലക്ഷം രൂപയ്ക്കു ടീമിലെടുത്തപ്പോള്‍ മിന്നുമണിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
എടപ്പാടി കോളനിയിലെ കൂലിപ്പണിക്കാരായ മണിയുടേയും വസന്തയുടേയും മൂത്ത മകളാണ് മിന്നു. കുട്ടിക്കാലത്ത് നന്നായി ഓടുമായിരുന്നു. സ്കൂളില്‍ എത്തിയപ്പോള്‍ അത്ലറ്റിക്സിലേക്ക് തിരിഞ്ഞു. 400 മീറ്ററും 600 മീറ്ററുമായിരുന്നു പ്രധാന ഇനങ്ങള്‍. അന്നു വനിതാ ക്രിക്കറ്റ് ടീം ഉണ്ടെന്ന കാര്യംപോലും മിന്നുവിന് അറിയില്ലായിരുന്നു.
വീട്ടുമുറ്റത്താണു ക്രിക്കറ്റ് കളി തുടങ്ങിയത്. തൊട്ടപ്പുറത്തെ കൊയെ്ത്താഴിഞ്ഞ പാടങ്ങളിലേക്ക് പിന്നീടു കളി മാറി. തെങ്ങിന്റെ മടല് കൊണ്ടുണ്ടാക്കിയ ബാറ്റുകൊണ്ട് അവള് ആണ്‍കൂട്ടുകാര്‍ എറിയുന്ന ടെന്നീസ് ബോളുകളെ അടിച്ചുപറത്തി. സ്പെഷല്‍ ക്ലാസുണ്ടെന്നുവരെ പറഞ്ഞാണു ആദ്യകാലത്ത് ക്രിക്കറ്റ് കളിക്കാന്‍ പോയത്. മാനന്തവാടി ജി.വി.എച്ച്.എസ്.എസിലെ കായിക അധ്യാപിക കെ.പി. എത്സമ്മയാണ് എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ മിന്നുവിലെ കായികതാരത്തെ കണ്ടെത്തിയത്. എല്‍സമ്മയും പരിശീലകന് ഷാനവാസമാണു വയനാട് ക്രിക്കറ്റ് അസോസിയേഷനില്‍ എത്തിച്ചത്.
വയനാട് ക്രിക്കറ്റ് അസോസിയേഷനില്‍ സെലക്ഷന് കിട്ടിയപ്പോഴും വിടാന്‍ വീട്ടില്‍നിന്ന് എതിര്‍പ്പുണ്ടായിരുന്നു. മിന്നുവിന്റെ അച്ഛനേയും അമ്മയേയും പറഞ്ഞുമനസിലാക്കാനും എല്‍സമ്മ ടീച്ചര്‍ ബുദ്ധിമുട്ടി. മകള്‍ തുടര്‍ന്നും അത്ലറ്റിക്സ് തന്നെ ചെയ്താല്‍ മതിയെന്നായിരുന്നു അവരുടെ ആഗ്രഹം. അവിടെനിന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്റെ കീഴിലെ തൊടുപുഴ, വയനാട്, തിരുവനന്തപുരം അക്കാദമികളില്‍ പരിശീലനം തുടങ്ങി.
പതിനാറാം വയസിലാണ് മിന്നു മണി കേരള ക്രിക്കറ്റ് ടീമിലെത്തിയത്. അന്നുതൊട്ട് ഇതുവരെ വിവിധ ടീമുകള്‍ക്കായി ഒട്ടേറെ മത്സരങ്ങള്‍ കളിച്ചിട്ടുണ്ടെങ്കിലും ഒരിക്കല്‍പോലും സ്റ്റേഡിയത്തിലെത്തി മിന്നുവിന്റെ പ്രകടനം കാണാന്‍ അച്ഛനും അമ്മയ്ക്കും സാധിച്ചിട്ടില്ല. കൂലിപ്പണിക്കാരായ ഇരുവര്‍ക്കും ഒരു ദിവസത്തെ ജോലി ഒഴിവാക്കി മത്സരം കാണാന്‍ പോകാനുള്ള സാഹചര്യം ഇല്ലായിരുന്നു.
ഇടംകൈയന്‍ ബാറ്റിങ്ങിനൊപ്പം ഓഫ്സ്പിന്നര്‍ കൂടിയായ മിന്നുവിന്റെ ക്രിക്കറ്റ് യാത്ര അത്ര എളുപ്പമല്ലായിരുന്നു. വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിലായിരുന്നു പരിശീലനം. വീട്ടില്‍നിന്ന് ഒന്നര മണിക്കൂറോളം യാത്ര അവിടേക്കുണ്ട്. ഒന്നിലധികം ബസുകള്‍ മാറിക്കയറണം. രാവിലെ ആറിനുള്ള പരിശീലനത്തിന് എത്താനായി പുലര്‍ച്ചെ നാലിനു മിന്നു എഴുന്നേല്ക്കും.
പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും ഉണ്ടാക്കാന്‍ അമ്മയെ സഹായിച്ച് കുളിക്കാനോടും. എന്നിട്ട് ക്രിക്കറ്റ് കിറ്റിനൊപ്പം ഭക്ഷണപ്പൊതിയുമെടുത്ത് അഞ്ചിനു വീട്ടില്‍നിന്നിറങ്ങും. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ആദ്യ ഇലവനില്‍ മിന്നു ഉണ്ടെന്നറിഞ്ഞതോടെ വീട്ടുകാരും നാട്ടുകാരും ആഹ്ലാദത്തിലായിരുന്നു. വീട്ടിലെ ടിവിക്ക് അവര്‍ ആവേശത്തോടെ ഇടംപിടിച്ചു. ആദ്യ ഓവറില്‍ വിക്കറ്റ് ലഭിച്ചതോടെ മാവുംങ്കണ്ടി കൈപ്പാട്ട് തറവാട്ടില്‍ ആഹ്ളാദം അലതല്ലി. ആദ്യ വിക്കറ്റ് ലഭിച്ചതിനു പിന്നാലെ മിന്നുമണിയുടെ വീട്ടിലേക്ക് സന്ദര്‍ശകരുടെ പ്രവാഹമായിരുന്നു.
ഇന്ത്യയില്‍ വനിതകള്‍ ആദ്യമായി ക്രിക്കറ്റ് കളിച്ച് തുടങ്ങിയത് കേരളത്തിലാണ്. 1913-ല്‍ കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ ഗേള്‍സ് സ്കൂളില്‍ അധ്യാപികയായെത്തിയ അന്നെ കെല്ലെവെ എന്ന ഓസ്്രേടലിയക്കാരിയാണ് ഇതിന് തുടക്കമിട്ടത്.






