
തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ പ്രിയാ വർഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ യുജിസി സുപ്രീംകോടതിയിൽ. ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം.
ഹൈക്കോടതി വിധി യുജിസി റെഗുലേഷന് എതിരാണെന്ന് അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു. യുജിസി ചട്ടത്തിൽ നിഷ്കർഷിക്കുന്ന എട്ട് വർഷത്തെ അധ്യാപന പരിചയത്തിൽ പഠനേതര ജോലികൾ കണക്കാക്കാൻ കഴിയില്ല.
പ്രിയാ വർഗീസിന് നിയമനത്തിന് യോഗ്യത ഉണ്ടെന്നായിരുന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി. ഹൈക്കോടതി വിധിയോടെ 2018-ലെ അസോസിയേറ്റ് പ്രൊഫസർ നിയമനവും ആയി ബന്ധപ്പെട്ട ചട്ടത്തിലെ വകുപ്പ് തന്നെ അപ്രസക്തമാകുമെന്നാണ് യുജിസി നിലപാട്.
പ്രിയാ വർഗീസിന് അനുകൂലമായ വിധി ചൂണ്ടിക്കാട്ടി അധ്യാപന പരിചയം ഇല്ലാത്ത ചില ഉദ്യോഗാർത്ഥികൾ അസോസിയേറ്റ് പ്രൊഫസറാകാൻ നിയമ പോരാട്ടം നടത്തിയേക്കും എന്ന ആശങ്കയുണ്ടെന്നും യുജിസി ചൂണ്ടിക്കാട്ടുന്നു. കേരള ഹൈക്കോടതി വിധി അഖിലേന്ത്യാ തലത്തിൽ പ്രത്യാഘാതമുണ്ടാക്കും.






