
ന്യൂഡല്‍ഹി: ഹിന്ദുമതത്തിലേക്ക് മതംമാറ്റത്തിന് അനുവദിക്കണം എന്നാവശ്യപ്പെട്ട് ജില്ലാ മജിസ്ട്രേറ്റിന് മുസ്ളീം യുവാവിന്റെ കത്ത്. ഇതിന് പിന്നാലെ ഭാര്യ നല്കിയ പരാതിയില്‍ ഇയാള്‍ക്കും ആറു കുടുംബാംഗങ്ങള്‍ക്കുമെതിരേ കേസെടുത്തു. അമീര്‍ അലി എന്ന 22 കാരനാണ് അപേക്ഷ അയച്ചത്.
മൊറാദാബാദ് ജില്ലാ മജിസ്ട്രേറ്റിന് അനുവാദം തേടി ജൂലൈ 3 ന് റജിസ്ട്രേഡ് പോസ്റ്റായാണ് അപേക്ഷ അയച്ചത്. വീട്ടിലെയും സമുദായത്തിലെയും ആള്ക്കാര് ആക്രമിക്കുന്നതില്‍ നിന്നും സംരക്ഷണവും നല്‍കണമെന്ന് ഇയാള്‍ അപേക്ഷയില്‍ പറഞ്ഞിട്ടുണ്ട്. അതേസമയം അമീര്‍ ഒരു ഹിന്ദു പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്നും അവരെ വിവാഹം കഴിക്കാന്‍ വേണ്ടിയുള്ള ശ്രമമാണെന്നും പെണ്‍കുട്ടിയെ വീട്ടുകാര്‍ തന്നെ ഇരുട്ടില്‍ നിര്‍ത്തിയിരിക്കുകയാണെന്നും ഇയാളുടെ ഭാര്യയും 19 കാരിയുമായ ഗുല്ഫാന്സ പറയുന്നു.
അമീറും ഈ പെണ്‍കുട്ടിയും തമ്മിലുള്ള ബന്ധം വീട്ടുകാര്‍ക്ക് മുഴുവന്‍ അറിയാവുന്ന കാര്യമാണ്. അതു മറച്ചുവെച്ചാണ് ഇവര്‍ താനുമായി വിവാഹം ആലോചിച്ച് വീട്ടില്‍ വന്നതെന്നും പെണ്‍കുട്ടി പറഞ്ഞു. ഇപ്പോള്‍ ഗര്‍ഭിണിയായ തന്റെ ഗര്‍ഭം അലസിപ്പിക്കാനും വീട്ടുകാര്‍ നോക്കിയെന്നും അതേ തുടര്‍ന്ന് താനിപ്പോള്‍ തന്റെ വീട്ടുകാര്‍ക്കൊപ്പമാണ് താമസമെന്നും പറഞ്ഞു.
ഗുല്ഫാന്സയുടെ മൊഴിയില്‍ സ്ത്രീപീഡനത്തിന് അമീര്‍ഖാനും മാതാപിതാക്കളും അടക്കം ആറു പേര്‍ക്കെതിരേ കേസെടുത്തിട്ടുള്ളതായി മൊറാദാബാദിലെ മുഗല്‍പുര പോലീസും പറയുന്നു. കേസില്‍ ഇതുവരെ അറസ്റ്റ് ഉണ്ടായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും മുങ്ങിയ ആമിര്‍ഖാനെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നും പോലീസ് പറയുന്നു.
ഇന്ത്യന്‍ നിയമം അനുസരിച്ച് ഇഷ്ടമുള്ള മതത്തിലേക്ക് മാറുന്നതിന് ഏതെങ്കിലും തരത്തിലുള്ള അനുമതിയുടെ ആവശ്യമില്ല. എന്നാല്‍ ഭാര്യയും ഭര്‍ത്താവിനെതിരേ പരാതി നല്‍കിയിട്ടുണ്ടെന്ന് ജില്ലാ മജിസ്ട്രേറ്റ് ശൈലേന്ദ്രകുമാര്‍ സിംഗ് പറയുന്നു. ഗസിയാബാദിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ സെയില്‍സ് എക്സിക്യുട്ടീവായി ജോലി ചെയ്യുകയാണ് അലിയെന്ന് പോലീസ് പറയുന്നു.






