തിരുവനന്തപുരം: മത്സ്യത്തൊഴിലാളികള്‍ക്ക് ഭീഷണിയുയര്‍ത്തുന്ന മുതലപ്പൊഴിയില്‍ പ്രശ്ന പരിഹാരത്തിന് കേന്ദ്രസംഘമെത്തി. കേന്ദ്രസഹമന്ത്രി വി.മുരളീധരന്റെ നേതൃത്വത്തിലാണ് സമിതി എത്തിയത്. സമിതിയിലെ സാങ്കേതിക വിദഗ്ധര്‍ മത്സ്യത്തൊഴിലാളികളുമായും ഈ മേഖലയുമായി ബന്ധപ്പെട്ടവരും സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ച് ശാശ്വതമായ പരിഹാരം ഉണ്ടാക്കാനുള്ള ശ്രമങ്ങളാണ് തുടര്‍ന്നു മുന്നോട്ടുകൊണ്ടുപോകുകയെന്ന വി.മുരളീധരന് പറഞ്ഞു.
ഹാര്‍ബറിന്റെ നവീകരണമടക്കമുള്ള പരിഹാരമുണ്ടാകും. മുതലപ്പൊഴിയില്‍ നടക്കുന്ന മന്ത്രിതല ചര്‍ച്ചയേയും സ്വാഗതം ചെയ്യുന്നു. മന്ത്രിമാര്‍ ഈ വിഷയം പഠിക്കുന്നതും നല്ല കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം മുതലപ്പൊഴിയില്‍ നാല് മത്സ്യത്തൊഴിലാളികള്‍ കടല്‍ക്ഷോഭത്തില്‍ മരിക്കാനിടയായ സാഹചര്യം വി.മുരളീധരന് കേന്ദ്ര ഫിഷറീസ് മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വിദഗ്ധ സംഘമെത്തുന്നത്.
ഫിഷറീസ് ഡവലപ്മെന്റ് കമ്മീഷണര്‍, അസിസ്റ്റന്റ് കമ്മീഷണര്‍ ഉള്‍പ്പെടുന്നതാണ് മൂന്നംഗ വിദഗ്ധ സംഘം. ഇതിനകം ഏഴ് വിദഗ്ധ സംഘം മുതലപ്പൊഴിയില്‍ പഠനത്തിനെത്തിയിരുന്നു. എഴുപതോളം പേരാണ് ഇവിടെ മരണമടഞ്ഞിട്ടുള്ളത്.
കേന്ദ്രസംഘം ഇന്ന് എത്തുമെന്നിരിക്കേ, ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ ഇന്നലെ നാല് മന്ത്രിമാര്‍ പ്രശ്നപരിഹാരത്തിന് അടിയന്തര യോഗം ചേരുകയും സജിചെറിയാന് പുതുക്കുറിച്ചിയില്‍ മരിച്ച മത്സ്യത്തൊഴിലാളികളുടെ വീടുകള്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. മന്ത്രിമരായ വി.ശിവന്‍കുട്ടി, ജി.ആര് അനില്‍, ആന്റണി രാജു എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.
നാളെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മുതലപ്പൊഴിയില്‍ പ്രതിഷേധ ധര്‍ണ നടക്കും.
അപകട സമയത്ത് മുതലപ്പൊഴിയില്‍ എത്തിയ മന്ത്രിമരായ വി.ശിവന്‍കുട്ടി, ജി.ആര് അനില്‍, ആന്റണി രാജു എന്നിവര്‍ക്കെതിരെ പ്രതിഷേധമുണ്ടായിരുന്നു. ഇതില്‍ ലത്തീന്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍. യൂജിന്‍ പെരേരയ്ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഇത് സര്‍ക്കാരിനെതിരെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം ശക്തമാക്കാന്‍ ഇടയാക്കിയിരുന്നു.
ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതാണ് മുതലപ്പൊഴി. കാലങ്ങളായി ഇടതുമുന്നണിയുടെ കുത്തകയായിരുന്ന ഈ മണ്ഡലത്തില്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസിലെ അടൂര്‍ പ്രകാശ് ആണ് വിജയിച്ചത്. കേന്ദ്രമന്ത്രി വി.മുരളീധരന് ഇത്തവണ ആറ്റിങ്ങലില്‍ നിന്ന് മത്സരിക്കുമെന്നാണ് സൂചന. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം സംസ്ഥാനത്ത് ബിജെപിയുടെ മാതൃകാമണ്ഡലമായി തിരഞ്ഞെടുത്ത ആറ്റിങ്ങല്‍ കേന്ദ്രീകരിച്ച് വലിയ പ്രചാരണം നടത്തുന്നുണ്ട്.






