
ന്യുഡല്‍ഹി: അമേരിക്കന്‍ വനിതയെ കൂട്ട ബലാത്സംഗം ചെയ്ത പ്രതികള്‍ പിടിയില്‍. കഴിഞ്ഞ ഏപ്രിലില്‍ ഡല്‍ഹിയിലെ ഹോട്ടലില്‍ വെച്ചായിരുന്നു 25 വയസ്സുകാരിയെ ടൂറിസ്റ്റ് ഗൈഡും ഹോട്ടല്‍ ജീവനക്കാരനുമുള്പ്പെട്ട അഞ്ചംഗ സംഘം ഉറക്ക ഗുളിക കൊടുത്ത ശേഷം പീഡിപ്പിച്ചത്.
അന്ന് ഭയന്ന യുവതി നാട്ടിലേയ്ക്ക് മടങ്ങിയെങ്കിലും വിഷാദ രോഗത്തിന് അടിപ്പെട്ടതോടെ അമ്മയോട് കാര്യം പറയുകയും ഒക്ടോബറില്‍ ഇന്ത്യയിലെത്തി പരാതി നല്‍കുകയുമായിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തില്‍ ടൂറിസ്റ്റ് ഗൈഡ് ഒഴികെയുള്ള മറ്റു നാലു പേരെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഇതിനിടെ ഗൈഡിനെ ചോദ്യം ചെയ്തതോടെ കൂടുതല്‍ തെളിവുകള്‍ ലഭിക്കുകയും മറ്റുള്ളവരും പിടിയിലാകുകയും ചെയ്തു. യുവതി എത്തി പ്രതികളെ തിരിച്ചറിഞ്ഞു.
കഴിഞ്ഞ ഏപ്രില്‍ 8നാണ് അമേരിക്കന്‍ സംഘത്തോടൊപ്പം യുവതി ഡല്‍ഹിയിലെത്തിയത്. ടൂറിസ്റ്റ് ഗൈഡ് ഒപ്പം വന്ന് ഹോട്ടലില്‍ മുറി എടുത്തു നല്കി. പിന്നാലെ റൂം ബോയി എത്തി വെള്ളം നല്കി മടങ്ങി. അതു കുടിച്ചു കഴിഞ്ഞ ശേഷം മയക്കം അനുഭവപ്പെട്ടു. മുറിയില്‍ മറ്റാരൊക്കെയോ ഉള്ളതായി യുവതിക്ക് മനസ്സിലായി. ശബ്ദം ഉണ്ടാക്കി മറ്റുള്ളവരെ അറിയിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതികള്‍ യുവതിയെ അടിച്ചിടുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തു. ബോധം മങ്ങുന്നതിന് മുന്‍പ് താന്‍ പ്രതികളെ വ്യക്തമായി കണ്ടിരുന്നതായി യുവതി മൊഴി നല്കി. ഇന്ത്യയില്‍ ഒറ്റയ്ക്ക് വരാന്‍ ധൈര്യമോ ഇങ്ങനെ വന്നാല്‍ ഇതൊക്കെ അനുഭവിക്കണമെന്നും പ്രതികള്‍ പറഞ്ഞതായി യുവതി പറഞ്ഞു.






