
കിഴക്കമ്പലം: വാഴക്കുളത്തെ വാടകവീട്ടില്‍നിന്ന് 51 കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതികളിലൊരാളെ പശ്‌ചിമബംഗാളില്‍നിന്നു പോലീസ് പിടികൂടി. പശ്‌ചിമ ബംഗാള്‍ ജലങ്കി സ്വദേശി അസ്ലം ഷെയ്‌ഖി(31)നെയാണ് ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയുടെ ഭാഗമായി തടിയട്ടപറമ്പ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. പെരുമ്പാവൂരും പരിസരപ്രദേശങ്ങളിലും ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ്. 15 വര്‍ഷത്തോളം പോഞ്ഞാശേരി, ചെമ്പറക്കി ഭാഗങ്ങളില്‍ താമസിച്ചു വന്ന അസ്ലം ബംഗാളില്‍നിന്നു ട്രെയിന്‍ മാര്‍ഗം കേരളത്തിലേക്കു കഞ്ചാവ് എത്തിക്കുന്നതിന് ഇടനിലക്കാരനായി പ്രവര്‍ത്തിക്കുകയായിരുന്നു. കഞ്ചാവ് സൂക്ഷിക്കാന്‍ വാഴക്കുളത്തെ വീട് വാടകയ്‌ക്കെടുത്തിരുന്നതും ഇയാളാണ്. ലഹരിവസ്‌തുക്കള്‍ സംഘടിപ്പിക്കുന്നതും ട്രെയിന്‍ വഴി എത്തിക്കുന്നതും വില്‍പ്പന നടത്തുന്നതുമെല്ലാം വ്യത്യസ്‌ത സംഘങ്ങളായാണ് പ്രവര്‍ത്തിച്ചിരുന്നത്.
ജില്ലാ പോലീസ് മേധാവി കെ.എസ്. സുദര്‍ശന്റെ നിര്‍ദ്ദേശപ്രകാരം രൂപവത്‌കരിച്ച പ്രത്യേക അന്വേഷണസംഘമാണ് ബംഗാളിലെ മുര്‍ഷിദാബാദ് ജലങ്കി പോലീസ് സേ്‌റ്റഷന്‍ പരിധിയിലെ ഹുക്കാറ എന്ന സ്‌ഥലത്തുനിന്നു പ്രതിയെ പിടികൂടിയത്. പട്ടണത്തില്‍നിന്ന് ഏറെ അകലെയുള്ള ഉള്‍ഗ്രാമത്തില്‍ വേഷം മാറി താമസിച്ചാണ് അന്വേഷണ സംഘം അസ്ലമിനെ കണ്ടെത്തിയത്. പിടികൂടുന്ന സമയത്ത് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പോലീസ് പിന്തുടര്‍ന്ന് വളഞ്ഞു പിടികൂടുകയായിരുന്നു. ഇന്‍സ്‌പെക്‌ടര്‍ അരുണ്‍കുമാര്‍, സബ് ഇന്‍സ്‌പെക്‌ടര്‍ കെ.എ. നൗഷാദ്, അസിസ്‌റ്റന്റ് സബ് ഇന്‍സ്‌പെക്‌ടര്‍ സാനി തോമസ്, സീനിയര്‍ സി.പി.ഒ: കെ.എസ്. അനൂപ്, സി.പി.ഒമാരായ റോബിന്‍ ജോയ്, പി.ആര്‍. മിഥുന്‍, മുഹമ്മദ് നൗഫല്‍ എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു.







Comments