
കൊല്‍ക്കത്ത: നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ജനങ്ങള്‍ പഴയ 500 ന്റെയും 1000 ന്റെയും നോട്ടുകള്‍ മാറാന്‍ ബാങ്കുകള്‍ക്ക് മുന്നില്‍ ഇപ്പോഴും ക്യൂ നില്‍ക്കുകയാണ്. എന്നാല്‍ കൊല്‍ക്കത്തയിലെ ഹബ്ബ് ബുറാ ബസാറില്‍ നിരോധിച്ച നോട്ടുകള്‍ വാങ്ങാന്‍ ഏജന്റുമാര്‍ തട്ടിന് പിന്നില്‍ പരസ്യമായി കാത്തിരിക്കുന്നു. പുതിയ നോട്ടുകളുടെ ശേഖരവുമായി ഇരിക്കുന്ന ഇവര്‍ പഴയ 500 രൂപ 550 രൂപയ്ക്കും 1000 ന്റെ നോട്ട് 1100 രൂപയ്ക്കും വാങ്ങാനാണ് കാത്തിരിക്കുന്നത്. പഴയനോട്ടിന് പകരം പുതിയ നോട്ടു നല്കാന് ഏതാനും കടകള്‍ ഇവിടെയുണ്ട്.
നേരത്തേ 800, 850 രൂപയ്ക്ക് ഇവിടെ പഴയ നോട്ടുകള്‍ കൊണ്ട് എന്തും നല്കാന് കടകള്‍ തയ്യാറായിരുന്നെങ്കില്‍ ഇന്ന് സ്ഥിതി മാറി പഴയ നോട്ട് ഏതുവിധേനെയും സംഘടിപ്പിച്ചെടുക്കാന് ഏജന്റുമാരെ ഇരുത്തിയിരിക്കുകയാണ്. സാമ്പത്തികപാദം മൂന്നാം ഘട്ടം അവസാനിക്കുമ്പോള്‍ ബാലന്‍സ് ഷീറ്റിലെ 'ക്യാഷ് ഇന്‍ ഹാന്‍ഡ്' ക്രമീകരിക്കാന്‍ വന്‍കിട കമ്പനികളാണ് ഇവരെ ഇരുത്തിയിട്ടുള്ളത്. ഡിസംബര്‍ 31 ന് അവസാനിക്കുന്ന സാമ്പത്തിക പാദത്തില്‍ ആദായ നികുതി വകുപ്പിനെ കാര്യം ബോധിപ്പിക്കുമ്പോള്‍ കണക്കില്‍ പഴയ നോട്ട് കാണിക്കണമെന്നതാണ് നേരിടുന്ന പ്രധാന പ്രതിസന്ധി.
ആദായനികുതി ഉദ്യോഗസ്ഥര്‍ പരിശോധിക്കുമ്പോള്‍ മിക്ക കമ്പനികള്‍ക്കും പഴയ ഡേറ്റില്‍ പഴയ പണം തന്നെ 'ക്യാഷ് ഇന്‍ ഹാന്‍ഡ്' വിഭാഗത്തില്‍ കാണിക്കേണ്ടിവരും. പ്രധാനമന്ത്രി നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ നഗരത്തിലെ ബിസിനസ് സമൂഹം കയ്യിലിരുന്ന നോട്ടുകളെല്ലാം മാറിയെടുക്കുകയോ ബാങ്കില്‍ നിക്ഷേപിക്കുകയോ ചെയ്തിരുന്നു. എന്നാല്‍ മൂന്നാം സാമ്പത്തിക പാദം അവസാന ഘട്ടത്തിലായതോടെ ഇവരുടെ കണക്കുകളില്‍ കയ്യില്‍ മതിയായ പണം ഇല്ലാതായി. ഇതോടെയാണ് പഴയ 500ന്റെയും 1000 ന്റെയും നോട്ടുകള്‍ ആവശ്യമായി വന്നത്.
ആര്‍ബിഐ യുടെ മാര്‍ഗ്ഗനിര്‍ദേശം അനുസരിച്ച് ബാങ്കുകളില്‍ പണം നിക്ഷേപിക്കാനുള്ള കാലാവധി ഡിസംബര്‍ 30 വരെയാണ്. ഇതോടെയാണ് പഴയ നോട്ട് പെട്ടെന്ന് വാങ്ങിയെടുക്കാന്‍ കമ്പനികള്‍ രംഗത്ത് വന്നിരിക്കുന്നത്. അതേസമയം ഇതൊരു സാധ്യതയാണെങ്കിലും ഇതിലൂടെ മതിയായ പണം കണ്ടെത്താന്‍ കഴിയുമെന്ന് കരുതുന്നില്ലെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ അഭിപ്രായം.






