
അഹമ്മദാബാദ്: അനധികൃത സ്വത്ത് സമ്പാദനത്തില്‍ റെയ്ഡില്‍ കുടുങ്ങിയ സൂറത്തിലെ വ്യവസായ ഭീമന് ഭജിയാവാലയ്ക്കെതിരെയുള്ള ആരോപണങ്ങള്‍ സത്യമെന്ന് ഇന്‍കം ടാക്സ് ഡെപ്യൂട്ടി കമ്മീഷണര്‍ പീയുഷ് അഗര്‍വാള്‍. തന്റെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയത് കയ്യേറ്റമാണെന്നും പ്രചരിക്കുന്നത് നുണകളാണെന്നുമുള്ള ഭജിയാവാലയുടെ ആരോപണത്തിന് പിന്നാലെയാണ് ഇന്‍കം ടാക്സിന്റെ വെളിപ്പെടുത്തല്‍.
വിവിധ ബാങ്കുകളിലായി തന്റേയും മക്കളുടെയും പേരില്‍ 52 അക്കൗണ്ടുകളെടുത്താണ് ഭജിയാവാലയുടെ ഇടപാടുകള്‍. 16 അക്കൗണ്ടുകള്‍ പ്രൈവറ്റ് ബാങ്കുകളിലും 13 എണ്ണം നാഷണലൈസഡ് ബാങ്കുകളിലും 27 എണ്ണം സൂറത്ത് കോ-ഓപ്പറേറ്റീവ് ബാങ്കുകളിലുമായാണ് ഇയാള്‍ എടുത്തിരിക്കുന്നത്. നോട്ട് നിരോധനത്തെത്തുടര്‍ന്നുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബാങ്ക് ജീവനക്കാര്‍ ഇയാളെ സഹായിക്കുന്നതിനും തെളിവ് ലഭിച്ചിട്ടുണ്ട്. ഇയാളുടെ ബാങ്ക് ലോക്കറില്‍ നിന്ന് ഒരു കോടിയോളം രൂപയുടെ 2000ത്തിന്റെ നോട്ടും കണ്ടെത്തി. സൂറത്ത് ബാങ്കിലെ സീനിയര്‍ മാനേജരേയും ഇന്‍കം ടാക്സ് ചോദ്യം ചെയ്തു.
ഭജിയാവാലയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള കൂടുതല്‍ അന്വേഷണം ആരംഭിച്ചതായും ഇനകം ടാക്സ് അറിയിച്ചു.






