
റായ്പൂര്‍: വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കി പട്ടികജാതി പട്ടികവര്‍ഗ്ഗത്തിനായി സംവരണം ചെയ്യപ്പെട്ടിരുന്ന ജോലികള്‍ തട്ടിയെടുക്കുന്നതായി ആരോപിച്ച് നഗ്നരായി യുവാക്കളുടെ പ്രതിഷേധം. വ്യാജ സര്‍ട്ടിഫിക്കറ്റ് വിഷയത്തില്‍ പല തവണ പരാതിപ്പെട്ടിട്ടും നടപടിയെടുക്കാത്ത സാഹചര്യത്തില്‍ വ്യത്യസ്ത സമരമാര്ഗ്ഗമായിട്ടാണ് യുവാക്കള്‍ നിയമസഭയ്ക്ക് പുറത്ത് തെരുവില്‍ നഗ്നതാപ്രദര്‍ശനം നടത്തി പ്രതിഷേധിച്ചത്.
നിയമസഭാ സമ്മേളനം തുടങ്ങിയ സാഹചര്യമാണ് പ്രതിഷേധം. യുവാക്കള്‍ വിവസ്ത്രരായി വ്യാജസര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി തട്ടിയെടുക്കുന്നവര്‍ക്ക് എതിരേ നപടിയെടുക്കണം എന്നാവശ്യപ്പെടുന്നു പ്ലക്കാര്‍ഡുമേന്തിയാണ് തെരുവിലൂടെ നടന്നത്. സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നഗ്നരായ പ്രതിഷേധക്കാര്‍ വിവിഐപി വാഹനത്തിന് നേരെ ഓടിയടുക്കുന്നതും വീഡിയോയിലുണ്ട്.
അതേസമയം സംവരണ വിഭാഗത്തിന്റെ സര്‍ട്ടിഫിക്കേറ്റ് വ്യാജമായി നിര്‍മ്മിച്ച് ജോലി തട്ടിയെടുക്കുന്ന സംഭവം ഛത്തീസ്ഗഡില്‍ പുതിയതല്ല. 2021 ല്‍ വ്യാജമായി പട്ടികവര്‍ഗ്ഗക്കാരുടെ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ജോലി നേടിയ ഒരു പിഡബ്ള്യൂഡി എക്സിക്യൂട്ടീവ് എഞ്ചിനീയറെ സസ്പെന്റ് ചെയ്തിരുന്നു. 20 വര്‍ഷമായി ഈ നടപടികള്‍ പതിവാണെന്നും ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും വകുപ്പുകളോ അധികാരികളോ നടപടിയെടുക്കുന്നില്ലെന്നുമാണ് പ്രതിഷേധക്കാരുടെ ചോദ്യം.
റായ്പൂരിലെ ടുറ്റാ ഏരിയയില്‍ ഏഴു ദിവസമായി ഈ വിഷയം ഉന്നയിച്ച് പ്രതിഷേധക്കാര്‍ സമരം നടത്തുന്നുണ്ട്. ഈ അഴിമതിയ്ക്കെതിരേ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ല എന്ന് കാണിച്ച് നിരാഹാര സമരവും തുടങ്ങിയിരുന്നു. എന്നിട്ടും ശ്രദ്ധിക്കാത്ത സാഹചര്യം വന്നതോടെയാണ് വിധാന്‍ സഭയിലേക്ക് നഗ്നതാമാര്ച്ച് നടത്താന്‍ യുവാക്കള്‍ തയ്യാറായിരിക്കുന്നത്.
''267 വ്യാജ സര്‍ട്ടിഫിക്കറ്റുകാരെ സംരക്ഷിക്കുന്ന പ്രവണത സര്‍ക്കാര്‍ അവസാനിപ്പിക്കൂ.'' എന്നായി രുന്നു ഒരു പ്ലക്കാര്‍ഡില്‍ എഴുതിയിരുന്നത്. ഇവരെ പോലീസ് തടയാന്‍ ശ്രമിച്ചതായും കയ്യേറ്റം ചെയ്തതായും ആരോപണമുണ്ട്. പ്രതിഷേധക്കാരിലെ പണ്ടാരിയ സ്വദേശിയായ ഹരേഷ് ബാനര്‍ജി ഗുരുതരമായ അവസ്ഥയില്‍ അംബേദ്ക്കര്‍ ഹോസ്പിറ്റിലില് ചികിത്സയിലായിട്ടുണ്ട്.
2001 മുതല്‍ 267 അപ്പോയ്ന്മെന്റുകള് ഇതുവരെ നടന്നിട്ടുണ്ടെന്നും 2001 ല്‍ തന്നെ ആദ്യ തട്ടിപ്പ് കേസ് വെളിയില്‍ വന്നതായും ബിജെപി ആരോപിക്കുന്നു. 2002 ല്‍ രണ്ടു കേസും 2005 ല്‍ പത്തുകേസും 2006 ല്‍ അഞ്ചു കേസും 2007 ല്‍ 21 കേസുകളും, 2008 ല്‍ എട്ടു കേസും 2009 ലും 2010 ലും ആറു കേസുകള്‍ വീതവും 2011 മുതല്‍ 2021 വരെ 186 അപ്പോയ്ന്‍മെന്റുകളും വ്യാജ സര്‍ട്ടിഫിക്കറ്റുകളില്‍ നടന്നതായിട്ടാണ് ആരോപിക്കപ്പെടുന്നത്. 2000 മുതല്‍ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ ആരോപണം അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ വെച്ചിരുന്നു. ഇവര്‍ പരിശോധിച്ച 700 കേസുകളില്‍ 267 തട്ടിപ്പുകള്‍ കണ്ടെത്തിയിരുന്നു.






