കോട്ടയം: തീയറ്ററില്‍ സിനിമയ്ക്ക് മുന്‍പ് ദേശീയഗാനം നിര്‍ബന്ധമാക്കിയ കോടതി വിധി തനി വിഡ്ഢിത്തമാണെന്ന് ചരിത്രകാരനും എഴുത്തുകാരനുമായ എം.ജി.എസ് നാരായണന്. ദേശീയ ഗാനം നിര്‍ബന്ധമാക്കിയതിനെ ന്യായീകരിക്കേണ്ട കാര്യമില്ല. വലിയ എതിര്‍പ്പിന്റെയും ആവശ്യമില്ല. അത് തന്നത്താന്‍ പരാജയപ്പെടും. അല്ലെങ്കില്‍ ജനം പരാജയപ്പെടുത്തുമെന്ന് എം.ജി.എസ് പറഞ്ഞു. വിനോദത്തിനായി സിനിമ കാണാന്‍ വരുന്നവര്‍ക്ക് ദേശീയതയുടെ ഫോഴ്സ് ഫീഡിംഗ് ആവശ്യമില്ലെന്നും എം.ജി.എസ് കൂട്ടിച്ചേര്‍ത്തു.
വിധിന്യായം ന്യായാസനത്തിന്റെ അമിതാധികാര പ്രവണതയുടെ നല്ല ഉദാഹരണമാണെന്നും മാതൃഭൂമി ആഴ്ചപ്പതിപ്പിന് നല്കിയ അഭിമുഖത്തില്‍ എം.ജി.എസ് പറഞ്ഞു. ദേശീയ വികാരം ഉണ്ടാകുമ്പോഴേ ദേശീയഗാനത്തിന് പ്രസക്തിയുള്ളൂ. അല്ലെങ്കില്‍ ദേശീയഗാനത്തോട് ഒരു കൂറ് ഉണ്ടാകില്ല. ദേശീയവികാരമോ ദേശസ്നേഹമോ ഒന്നും നിര്‍ബന്ധിച്ച് ഉണ്ടാക്കാന്‍ കഴിയില്ലെന്നും അത് സ്വാഭാവികമായി ഉണ്ടാകേണ്ടതാണേന്നും എം.ജി.എസ് പറഞ്ഞു.






