
തിരുവനന്തപുരം: കേരളത്തിന് ഓണക്കാലം കടന്നുപോകാന്‍ 8000 കോടി രൂപയെങ്കിലൂം വേണമെന്ന് സംസ്ഥാന ധനവകുപ്പ്. വിവിധ വകുപ്പുകൾക്ക് നൽകേണ്ട ഉത്സവകാല ആനുകൂല്യങ്ങൾ, ക്ഷേമ പെന്‍ഷനുകള്‍, കുടിശ്ശിക എല്ലാം ചേര്‍ത്ത് 8000 കോടിയുടെ ചെലവാണ് കണക്കാക്കിയിട്ടുള്ളത്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം ഇനത്തില്‍ മാത്രം കണ്ടെത്തേണ്ടത് 3398 കോടിയാണ്. മൂന്ന് മാസത്തെ ക്ഷേമ പെന്‍ഷനുകള്‍ 1700 കോടി വേണ്ടിവരും. ബോണസും ഉത്സവ ബത്തയും അഡ്വാൻസ് തുക അനുവദിക്കുന്നതും അടക്കം വിവിധ വകുപ്പുകൾക്ക് നൽകേണ്ട ഉത്സവകാല ആനുകൂല്യങ്ങൾക്ക് കണ്ടെത്തേണ്ട തുക വേറെ. ഇതിന് പുറമേ കരാറുകാരുടെ കുടിശ്ശികയും കൊടുത്തു തീര്‍ക്കേണ്ടി വരും.
ഡിസംബര്‍ വരെയുള്ള 9 മാസം കടമെടുക്കാൻ അനുമതി കിട്ടിയ 15000 കോടിയിൽ ഇനി നാലായിരം കോടി മാത്രമാണ് ബാക്കിയുള്ളത്. വായ്പാ പരിധി കഴിഞ്ഞതോടെ ഓവര്‍ഗ്രാഫ്റ്റിലായ സംസ്ഥാന ഖജനാവിനെ 1500 കോടിയുടെ കടപത്രമിറക്കിയാണ് താൽകാലികമായി പിടിച്ച് നിര്‍ത്തിയത്. അടിയന്തര സാമ്പത്തിക അനുമതി ആവശ്യപ്പെട്ട് ധനമന്ത്രി കേന്ദ്ര ധനമന്ത്രാലയത്തിന് നിവേദനം നല്‍കിയിട്ടുണ്ട്.
കടുത്ത സാമ്പത്തീക പ്രതിസന്ധി നിലനില്‍ക്കുമ്പോഴായിരുന്നു കേന്ദ്രം വായ്പ പരിധി വെട്ടിക്കുറച്ചതും. ചെലവ് ചുരുക്കലുമായി മുമ്പോട്ട് പോകുമ്പോഴാണ് സംസ്ഥാന ഖജനാവിന് വെല്ലുവിളിയായി ഓണക്കാലത്തെ അധിക ചെലവുകൾ വന്നിട്ടുള്ളത്. 15000 കോടിയുടെ അടിയന്തര സാമ്പത്തിക അനുമതികൾ തേടി കേന്ദ്രത്തിന് ധനമന്ത്രി കെഎൻ ബാലഗോപാൽ നിവേദനം നൽകിയിരിക്കുന്നത്.






