
പൂനെ: വന്‍ സംസാരവിഷയമായി മാറിയിരിക്കുന്ന തക്കാളി ഇന്ത്യയില്‍ പൊന്നിനേക്കാള്‍ മൂല്യമുള്ള വസ്തുവായിട്ടാണ് മാറിയിരിക്കുകയാണ്. പൂനെയില്‍ ഒരു കര്‍ഷകന്റെ 400 കിലോ തക്കാളിയാണ് മോഷണം പോയത്. തക്കാളി നിറച്ച് വീടിന് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തില്‍ ആയിരുന്നു മോഷണം. അരുണ്‍ ധോം എന്നയാള്‍ തന്റെ തക്കാളി മോഷണം പോയെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഞായറാഴ്ച രാത്രിയില്‍ 20 പെട്ടി തക്കാളിയുമായി വീടിന് പുറത്ത് വാഹനം പാര്‍ക്ക് ചെയ്താണ് കര്ഷകന് ഉറങ്ങാന്‍ പോയതെന്ന് പരാതിയില്‍ പറയുന്നു. എന്നാല്‍ പിറ്റേന്ന് രാവിലെ ഉണര്‍ന്നപ്പോള്‍ തക്കാളി നിറഞ്ഞിരുന്ന പെട്ടി കാണാനില്ലാതായി. എല്ലായിടത്തും പരിശോധിച്ച ശേഷമാണ് തക്കാളിപ്പെട്ടി മോഷണം പോയതായി മനസ്സിലായത്. ഇതോടെ ഇയാള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മോഷണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അടുത്തിടെ സമാന രീതിയിലുള്ള സംഭവം കര്‍ണാടകയിലെ ഹസന് ജില്ലയില്‍ നടന്നിരുന്നു.
ജൂലൈ 4 ന് ഇവിടെ ഒരു ഫാമില്‍ നിന്നും രണ്ടര ലക്ഷം രൂപയുടെ തക്കാളിയാണ് മോഷണം പോയത്. ധരിണി എന്ന കര്‍ഷകയുടെ പരാതിയില്‍ ഹാല്ബീഡു പോലീസാണ് കേസെടുത്തിരിക്കുന്നത്. തന്റെ ഫാമിലെ 50-60 ബാഗ് തക്കാളി നശിപ്പിക്കുകയും ചെയ്തതായി ഇവര്‍ പറഞ്ഞു.
ബീന്‍സ് കൃഷി ചെയ്ത് വന്‍ നഷ്ടം വന്നതിനെ തുടര്‍ന്ന് ബാങ്കില്‍ നിന്നും ലോണെടുത്താണ് തക്കാളി കൃഷി ചെയ്തതെന്നും നല്ല വിളവ് കിട്ടുകയും വില കൂടുകയൂം ചെയ്ത സാഹചര്യത്തില്‍ തക്കാളി കള്ളന്മാര് കൊണ്ടുപോകുകയും ചെടി നശിപ്പിക്കുകയും ചെയ്തതായി ഇവര്‍ പറഞ്ഞു. രാജ്യത്തുടനീളം തക്കാളിയ്ക്ക് വന്‍ വിലക്കയറ്റം ഉണ്ടായിരിക്കുകയാണ്. കിലോയ്ക്ക് 80 - 100 ഒക്കെയാണ് വില. ചില മേഖലകളില്‍ കിലോയ്ക്ക് 400 രൂപ വരെ ഉയര്‍ന്നിരിക്കുകയാണ്.






