
തിരുവനന്തപുരം/കൊച്ചി/കോട്ടയം: വരുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മന്‍ സ്ഥാനാര്‍ഥിയായേക്കും. യു.ഡി.എഫ്. നിയമസഭാ കക്ഷി ഉപനേതാവ് കൂടിയായ മുസ്ലിംലീഗിലെ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന് എന്നിവരാണ് ഇതു സംബന്ധിച്ച സൂചന നല്‍കിയത്.
സജീവ രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ തനിക്കു താല്പര്യമില്ലെന്ന് ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍ പ്രഖ്യാപിച്ചതോടെ ചാണ്ടി ഉമ്മന്റെ മുന്നിലെ തടസം നീങ്ങിയെന്നാണു യു.ഡി.എഫ്. കേന്ദ്രങ്ങള്‍ പറഞ്ഞത്. ഉമ്മന്‍ ചാണ്ടി കുടുംബത്തില്‍ രാഷ്ട്രീയ പരിചയമുള്ളവരാണു അച്ചുവും ചാണ്ടി ഉമ്മനും.
ചാണ്ടി ഉമ്മനിലൂടെ ഉമ്മന്‍ ചാണ്ടിയുടെ പിന്തുടര്ച്ച ഉണ്ടാകുമെന്നു പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. തീരുമാനിക്കേണ്ടത് കോണ്‍ഗ്രസാണെന്നും കുടുംബസമേതം ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയിലെ കബറിടത്തില്‍ എത്തിയ ശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍നിന്നു തന്നെയാകുമെന്നു കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന് കൊച്ചിയില്‍ പറഞ്ഞു. പിന്നീട്, സ്ഥാനാര്‍ഥിത്വത്തിന് ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തെയും പരിഗണിക്കും എന്നാണ് ഉദ്ദേശിച്ചതെന്ന് അദ്ദേഹം തിരുത്തി.
കുടുംബം നിര്ദേശിക്കുന്നയാളായിരിക്കും സ്ഥാനാര്‍ഥിയെന്നാണ് അദ്ദേഹം കൊച്ചിയില്‍ പറഞ്ഞത്. പുറത്തു നിന്നുള്ള ആരെയും പാര്‍ട്ടി പരിഗണിക്കുന്നില്ല. സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ ഉടന്‍ ചര്‍ച്ച തുടങ്ങും.
രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ഔപചാരികമായി തീരുമാനമെടുക്കും. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അനിശ്ചിതത്വമൊന്നുമില്ല. അതിനെ സംബന്ധിച്ചു അദ്ദേഹത്തിന്റെ കുടുംബത്തില്‍ ഒരു ചര്‍ച്ച വേണം. അനുശോചന യോഗം കഴിഞ്ഞ ശേഷമേ ചര്‍ച്ച നടക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.
ഉപതെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ കുടുംബാംഗങ്ങളിലൊരാളെ മത്സരിപ്പിക്കുമെന്ന് പറഞ്ഞിട്ടിെല്ലന്ന് അദ്ദേഹം പിന്നീട് വിശദീകരിച്ചു. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍നിന്നും പരിഗണിക്കും എന്നാണ് ഉദ്ദേശിച്ചത്. സ്ഥാനാര്‍ഥി ആര് എന്നതില്‍ ഒരു തര്‍ക്കവും പാര്‍ട്ടിയില്‍ ഉണ്ടാകില്ല. സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് ഒരു ചര്‍ച്ചയും പാര്‍ട്ടിയില്‍ നടന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടുള്ള ആദരവ് കണക്കിലെടുത്ത് പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരം ഒഴിവാക്കാനുള്ള ഔചിത്യം എല്‍.ഡി.എഫ്. കാണിക്കണമെന്നു കോണ്‍ഗ്രസ്. എന്നാല്‍ ഈ ആവശ്യം തള്ളി സി.പി.എം. ഉപതെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവമാകുമ്പോഴാണ് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന് പുതിയ നിര്‍ദേശം മുന്നോട്ടുവച്ചത്.
ഉമ്മന്‍ചാണ്ടിയുടെ മരണത്തിനു പിന്നാലെ ചേര്‍ന്ന സി.പി.എം. സെക്രട്ടേറിയറ്റ് യോഗം ഉപതെരഞ്ഞെടുപ്പ് നേരിടാനുള്ള തയാറെടുപ്പുകളിലേക്ക് കടക്കാന്‍ തീരുമാനമെടുത്തതാണ്. സുധാകരന്റെ നിലപാട് അരാഷ്ട്രീയമാണെന്നും കോണ്‍ഗ്രസ് അങ്ങിനെ ചെയ്ത പാരമ്പര്യം പറയാമോ എന്നാണ് എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന് പ്രതികരിച്ചത്.






