
തിരുവനന്തപുരം: ഖജനാവ് കാലിയായതോടെ ഓണം വിപണിയില്‍ എങ്ങനെ ഇടപെടുമെന്നറിയാതെ സെപ്ലെകോ. രൂക്ഷമായ വിലക്കയറ്റത്താല്‍ ജനം നട്ടം തിരിയുമ്പോള്‍ സെപ്ലെകോ ഔട്ട്ലെറ്റുകളില് സബ്സിഡി ഇനങ്ങള്‍ ഉള്‍പ്പെടെ ഒട്ടുമിക്ക സാധനങ്ങളും കിട്ടാനില്ല.
വിതരണക്കാര്‍ക്ക് 549 കോടി രൂപയാണു സെപ്ലെകോ നല്‍കാനുള്ളത്. കുറച്ചെങ്കിലും പണം കിട്ടാതെ ഇനി സാധനങ്ങള്‍ നല്കാന് കഴിയില്ലെന്ന നിലപാടിലാണു വിതരണക്കാര്‍.
ധനവകുപ്പില്‍ നിന്നും പണം കിട്ടാതായതോടെ നടുവൊടിഞ്ഞ മട്ടിലാണു സെപ്ലെകോ. സി.പി.എം-സി.പി.ഐ. ഉള്പോരാണു പണംകിട്ടാത്തതിനു പിന്നിലെന്നും ആരോപണമുണ്ട്. ഒരേ സാധനങ്ങള്‍ക്ക് വിപണിയില്‍ വിത്യസ്ത വില ഈടാക്കുന്നതുള്‍പ്പെടെ വിപണിയിലെ വിലക്കയറ്റം മംഗളം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നു മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ജി.ആര്. അനിലും വിഷയത്തില്‍ ഇടപെട്ടിരുന്നു.
പക്ഷേ, തുടര്‍നടപടി ഉണ്ടായില്ല. ഓണത്തിന് ഇനി ഒരു മാസമാണ് അവശേഷിക്കുന്നത്. അടുത്ത മാസം ആദ്യം തന്നെ ഓണം വിപണി സജീവമാകേണ്ടതാണ്. ടെന്‍ഡര്‍ നടപടി ആരംഭിച്ചെങ്കിലും അരി, മുളക്, മല്ലി എന്നിവയ്ക്ക് ഉയര്‍ന്ന വിലയാണ് സെപ്ലെകോയിലെന്നാണു വിതരണക്കാര്‍ പറയുന്നത്.
നികുതിയടക്കം മുളകിന്- 260, മല്ലി- 95, ജയ അരി 45 എന്നിങ്ങനെയാണു വില. അതേസമയം കണ്‍സ്യൂമര്‍ ഫെഡില്‍ ഇത് യഥാക്രമം 240,87,40 എന്നിങ്ങനെയാണ്. 18-നാണ് ടെന്‍ഡര്‍ വിളിച്ചത്. ഓണം വിപണി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രി ജി.ആര്. അനില്‍ 19-നു വിതരണക്കാരുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു.
യോഗത്തില്‍ വിലക്കയറ്റത്തിന്റെ കാര്യം വിതരണക്കാര്‍ ഉന്നയിച്ചെങ്കിലും അതു പിന്നീട് ചര്‍ച്ച ചെയ്യാമെന്ന നിലപാടാണു സെപ്ലെകോ സ്വീകരിച്ചത്. സാധനങ്ങള്‍ നല്‍കിയില്ലെങ്കില്‍ സെപ്ലെകോയ്ക്ക് ഇവയുടെ വില്‍പ്പന നിര്‍ത്തേണ്ടിവരുമെന്ന മുന്നറിയിപ്പ് മന്ത്രി മുന്നോട്ടുവെച്ചങ്കിലും കുറച്ചെങ്കിലും പണം കിട്ടാതെ തങ്ങള്‍ക്കും പിടിച്ചുനില്‍ക്കാനാവില്ലെന്ന നിലപാട് വിതരണക്കാരും അറിയിച്ചു.
വലിയ തുക നല്കാനുണ്ടെങ്കിലും സാധനങ്ങളുടെ വില ഇനിയും കുറച്ചു തരണമെന്നാണു സെപ്ലെകോ നിലപാട്. ഇക്കാര്യം ഉന്നയിച്ച് വിതരണക്കാര്‍ക്ക് നല്‍കിയിട്ടുള്ള കത്തിന് ഇന്ന് ഉച്ചയ്ക്ക് 12-ന് മുന്‍പ് മറുപടി നല്‍കണമെന്നാണ് ആവശ്യം. എന്നാല്‍ പൊതുവിപണിയില്‍ എല്ലാ സാധനങ്ങള്‍ക്കും വില കൂടിയെന്നും പല സാധനങ്ങളും അന്യസംസ്ഥാനങ്ങളില്‍ നിന്നും കിട്ടാനില്ലാത്ത സ്ഥിതിയില്‍ എങ്ങനെ വിലകുറച്ച് നല്‍കാനാവുമെന്നാണു വിതരണക്കാരുടെ ചോദ്യം.






