
തിരുവനന്തപുരം: ലഹരികേസുകളിലെ തടവുകാർക്ക് ഇനി മുതൽ പരോളില്ല. തടവുകാർക്ക് സ്വാഭാവികമായി ലഭിക്കേണ്ട പരോളോ, അടിയന്തര പരോളോ നൽകേണ്ടതില്ലെന്ന് തീരുമാനിച്ച് സർക്കാർ വിജ്ഞാപനമിറക്കി. ലഹരിക്കേസിലെ പ്രതികള്‍ പരോളിൽ ഇറങ്ങി വീണ്ടും ലഹരി കച്ചവടം നടത്തുന്നുണ്ടെന്നുള്ള ഇന്റലിജൻസ് വിവരത്തെ തുടർന്നാണ് ജയിൽ ചട്ടം ഭേദഗതി ചെയ്തത്.
ലഹരിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലുകളില്‍ എത്തുന്ന തടവുകാര്‍ക്ക് പരോള്‍ നല്‍കുക പതിവുണ്ടായിരുന്നില്ല. തടവുകാര്‍ക്ക് ലഭിക്കേണ്ട നീതി നിക്ഷേധം ചൂണ്ടിക്കാട്ടി മയക്കുമരുന്നില്‍ ശിക്ഷപ്പെട്ട ചില തടവുകാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ലഹരിക്കേസിലെ തടവുകാര്‍ക്കും പരോളും അടിയന്തര പരോളും ലഭിച്ചു തുടങ്ങിയത്.
വർഷത്തിൽ 60 ദിവസമാണ് സാധാരണ കേസുകളിലെ തടവുകാരന് സ്വാഭാവികമായി അനുവദിക്കപ്പെട്ട പരോള്‍. ബന്ധുക്കളുടെ ചികിത്സ, വിവാഹം, മരണം തുടങ്ങിയ അടിയന്തര ഘട്ടത്തിലും പരോള്‍ ലഭിക്കും. ഇതെല്ലാം ലഹരിക്കേസിൽപ്പെട്ടവർക്കും ലഭിച്ചിരുന്നു.
ഇങ്ങനെ ഇറങ്ങുന്ന തടവുകാർ വീണ്ടും ലഹരിക്കടത്ത് ആസൂത്രണം ചെയ്തുവെന്ന വിവരം പോലീസിനും എക്സൈസിനും ലഭിച്ചിട്ടുണ്ട്. ജയിലിനുള്ളിൽ കിടന്നും ലഹരിക്കടത്ത് ആസൂത്രണം ചെയ്യുന്നുണ്ട്. ഈ സാഹചര്യം പരിഗണിച്ചാണ് ജയിൽ ചട്ടം ഭേദഗതി ചെയ്ത് കർശനമാക്കാൻ സർക്കാർ തീരുമാനിച്ചത്






