
വെല്ലിംഗ്ടണ്‍: 2023 വനിതാ ഫുട്ബോള്‍ ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനെ സമനിലയില്‍ തളച്ച് അമേരിക്ക. ന്യൂസിലന്‍ഡിലെ വെല്ലിങ്ടണ്‍ റീജിയണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോളടിച്ച് പിരിഞ്ഞു. നെതര്‍ലന്‍ഡ്സിന് വേണ്ടി മധ്യനിര താരം ജില് റൂര്‍ഡും അമേരിക്കക്ക് വേണ്ടി ലിന്‍ഡ്സെ ഹൊറാനും ലക്ഷ്യം കണ്ടു.
മത്സരത്തിന്റെ തുടക്കത്തില്‍ ആക്രമിച്ച് കളിച്ചെങ്കിലും നിലവിലെ ചാംപ്യന്മാരായ അമേരിക്കക്ക് ഗോള്‍ വഴങ്ങേണ്ടി വന്നു. 17-ാം മിനിറ്റില്‍ ജില് റൂര്ഡാണ് നെതര്‍ലന്‍ഡ്സിന് ലീഡ് നേടിക്കൊടുത്തത്. ആദ്യ പകുതിയില്‍ അമേരിക്ക ഒന്‍പത് ഷോട്ടുകള്‍ ഉതിര്‍ത്തെങ്കിലും ഡച്ച് പ്രതിരോധം ഉറച്ചുനിന്നു. സമനില ഗോളിനായി അമേരിക്ക നന്നായി പരിശ്രമിച്ചെങ്കിലും മുന്നേറ്റനിരക്ക് തിളങ്ങാനായില്ല.
സമനിലയോടെ ഗ്രൂപ്പ് ഇയില്‍ നാല് പോയിന്റുമായി അമേരിക്ക ഒന്നാമതെത്തി. ഇതേ പോയിന്റുണ്ടെങ്കിലും ഗോള്‍ വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്താണ് നെതര്‍ലന്‍ഡ്സ്. ചൊവ്വാഴ്ചയാണ് ഇരുടീമുകളുടെയും അടുത്ത മത്സരം. ഗ്രൂപ്പ് ഘട്ടത്തിലെ അടുത്ത പോരാട്ടത്തില്‍ അമേരിക്ക പോര്‍ച്ചുഗലിനെ നേരിടുമ്പോള്‍ വിയറ്റ്നാമാണ് നെതര്‍ലന്‍ഡ്സിന്റെ എതിരാളി.


