
തിരുവനന്തപുരം: കേന്ദ്ര ഖനനനിയമ ഭേദഗതിക്കെതിരേ കേരളം സുപ്രീം കോടതിയെ സമീപിക്കും. 1957-ലെ മൈന്‍സ് ആന്‍ഡ് മിനറല്‍സ് (ഡെവലപ്പ്മെന്റ് ആന്‍ഡ് റെഗുലേഷന്‍സ്) നിയമത്തില്‍ ഭേദഗതി കൊണ്ടുവരുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ സുപ്രീം കോടതിയെ സമീപിക്കാനുള്ള സാധ്യത പരിശോധിച്ച് വരികയാണെന്നു മന്ത്രി പി. രാജീവാണ് അറിയിച്ചത്.
കേന്ദ്ര ഖനനമന്ത്രി പ്രഹ്ളാദ് ജോഷിയെ നേരില്‍ കണ്ട് ഇതു സംബന്ധിച്ച നിവേദനം നല്‍കിയിരുന്നു. കേരളത്തിന്റ തീരപ്രദേശത്ത് കാണുന്ന കരിമണലിന്റെ (ബീച്ച് സാന്‍ഡ് മിനറല്‍സ്) ഖനനാനുമതി നടത്തുന്നതിന് സംസ്ഥാന സര്‍ക്കാരിനുള്ള അധികാരം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുന്നുവെന്നതിനൊപ്പം സ്വകാര്യ സംരംഭകര്‍ക്ക് ഖനനം ചെയ്യുന്നതിന് അനുവാദം നല്‍കുന്നതിനും വഴിയൊരുക്കുന്നതാണു ഭേദഗതി എന്നതുകൊണ്ടാണ് കേരളം എതിര്‍ക്കുന്നത്. നിലവിലുള്ള നിയമപ്രകാരം കരിമണലില്‍നിന്ന് കിട്ടുന്ന ധാതുക്കളുടെ ഖനനത്തിന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൊതുമേഖലാ കമ്പനികളെ മാത്രമേ നിയോഗിക്കാന്‍ കഴിയുകയുള്ളു.
പുതിയ ഭേദഗതിയിലൂടെ ഖനനം പൊതുമേഖലാ കമ്പനിയില്‍ തന്നെ നിലനിര്‍ത്തണമെന്ന നയത്തില്‍ മാറ്റം വരുത്താനും ആണവ ധാതുക്കളുടെ ഖനന മേഖലയില്‍ സ്വകാര്യവല്‍ക്കരണത്തിനുള്ള തടസം ഒഴിവാക്കാനും സാധിക്കും. കൂടാതെ ആണവ ധാതുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 8 ധാതുക്കളെ പ്രസ്തുത പട്ടികയില്‍നിന്നും മാറ്റിക്കൊണ്ട് സ്വകാര്യ മേഖലയ്ക്ക് ഖനനത്തിന് നല്കുന്നതുവഴി രാജ്യ സുരക്ഷയ്ക്ക് ഭീഷണി ഉണ്ടാകുന്നതിനുമുള്ള കാരണമായി തീരുന്നതാണ്.
കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ചിട്ടുള്ള ഭേദഗതി നിര്‍ദേശങ്ങള്‍ മൂലം സംസ്ഥാന സര്‍ക്കാരിന്റെ അനുമതി കൂടാതെതന്നെ കരിമണല്‍ ഉള്‍പ്പെടുന്ന സ്ഥലങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് ഖനനത്തിന് നല്‍കുന്നതിനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിന് ലഭിക്കും. വളരെയേറെ ജനസാന്ദ്രതയുള്ളതും അതീവ ദുര്‍ബലവും പാരിസ്ഥിതിക പ്രശ്നങ്ങള്‍ നേരിടുന്നതുമായ കേരളത്തിന്റെ തീരമേഖല സ്വകാര്യ ഖനനത്തിന് നല്‍കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളായ കെ.എം.എം.എലും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐ.ആര്.ഇ. ലിമിറ്റഡും ഖനന പ്രദേശത്തെ ജനങ്ങളുടെ സുരക്ഷയും, പരിസ്ഥിതിയും മുന്‍ഗണന നല്‍കിയിട്ടുള്ള നിയന്ത്രിതമായ ഖനനാനുമതിയിലാണ് പ്രവര്‍ത്തിച്ചുവരുന്നത്. ഇപ്രകാരമുള്ള നിയന്ത്രിത ഖനനമേഖല സ്വകാര്യമേഖലയ്ക്ക് തുറന്നു കൊടുക്കുന്ന സാഹചര്യമുണ്ടാകുമ്പോള്‍ പ്രസ്തുത പ്രദേശത്തെ പരിസ്ഥിതി സന്തുലനം ഇല്ലാതാകും.
ആലപ്പുഴ, കൊല്ലം ജില്ലകളിലെ ആയിരക്കണക്കിന് ജനങ്ങള്‍ അധിവസിക്കുന്ന തീരപ്രദേശത്തെ താല്പര്യങ്ങള് സംരക്ഷിക്കുന്നതിന് കഴിയാത്ത സാഹചര്യവും ഉണ്ടാവും. കേന്ദ്രം മുന്നോട്ടുവയ്ക്കുന്ന ഭേദഗതികള്‍ സംസ്ഥാനത്തു പ്രവര്‍ത്തിച്ചുവരുന്ന മൂന്ന് പൊതുമേഖലാ സ്ഥാപനങ്ങളായ കെ.എം.എം.എല്‍, ഐ.ആര്.ഇ.എല്‍,ടി.ടി.പി.എല്‍. എന്നിവയുടെ നിലനില്‍പ്പിനും വെല്ലുവിളിയാണ്.
കേന്ദ്രസര്‍ക്കാര്‍ ബീച്ച് സാന്‍ഡ് മിനറല്‍സുമായി ബന്ധപ്പെട്ടു മുന്നോട്ടുവച്ചിട്ടുള്ള ഭേദഗതികള്‍ സംസ്ഥാന താല്പര്യത്തിന് എതിരായതിനാല്‍ അവ പിന്‍വലിക്കണമെന്ന ആവശ്യം കേന്ദ്രത്തെ ഒരു വര്‍ഷം മുന്‍പ് തന്നെ രേഖാമൂലം അറിയിക്കുകയും ഇക്കാര്യത്തില്‍ നിരന്തരം സമ്മര്‍ദം ചെലുത്തുകയും ചെയ്യുന്നുണ്ടെന്നും മന്ത്രി പി. രാജീവ് അറിയിച്ചു.






