
ഇടുക്കി: പത്തനംതിട്ട കലഞ്ഞൂരില്‍ നിന്ന കാണാതായ നൗഷാദിനെ ജീവനോടെ കണ്ടെത്തി. കൊലപ്പെടുത്തി കുഴിച്ചിട്ടുവെന്ന് ഭാര്യ വെളിപ്പെടുത്തിയതോടെയാണ് നൗഷാദിന്റെ തിരോധാനം വിവാദമായത്. തൊടുപുഴ തൊമ്മന്കുന്ന് കുഴിമറ്റം ഭാഗത്തുനിന്നാണ് കണ്ടെത്തിയത്. നൗഷാദിനെ തൊടുപുഴ ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ചു. പോലീസിനൊപ്പം സന്തോഷവാനായാണ് നൗഷാദ് മാധ്യമങ്ങളുടെ മുന്നിലെത്തിയത്.
പോലീസ് അന്വേഷിക്കുന്ന വിവരം അറിഞ്ഞിരുന്നില്ലെന്നും തൊമ്മന്‍കുത്തില്‍ പറമ്പിലെ ജോലികള്‍ ചെയ്തുവരികയായിരുന്നുവെന്നും നൗഷാദ് മാധ്യമങ്ങളോട് പറഞ്ഞു. രാവിലെ പത്രത്തില്‍ വാര്‍ത്ത കണ്ടിരുന്നു. ഭാര്യയെ ഉപേക്ഷിച്ചുപോയതാണ്. ഭാര്യയുമായി ചില വഴക്കുകളുണ്ടായിരുന്നു. ഭാര്യ തന്നെ ഉപദ്രവിച്ചിരുന്നു. അവരെ പേടിച്ചാണ് അവിടെ നിന്നുപോയത്. തന്നെ കൊലപ്പെടുത്തിയെന്ന് ഭാര്യ എന്തിനാണ് പറഞ്ഞതെന്ന് അറിയില്ല. ഇനി ഭാര്യയുടെ അടുക്കലേക്ക് പോകുന്നില്ലെന്നും നൗഷാദ് പറയുന്നു.
മൊബൈല്‍ ഫോണ്‍ ഇല്ലായിരുന്നു. നാടുവിട്ട ശേഷം ആരെയും വിളിച്ചിട്ടില്ല. മദ്യപിച്ച് വഴക്കിട്ടിട്ടില്ല. ഭാര്യ നാട്ടുകാരെയും മറ്റു ചിലരേയും വിളിച്ചുകൊണ്ടുവന്ന് തന്നെ മര്‍ദ്ദിച്ചു. മര്‍ദ്ദിച്ചവര്‍ ആരാണെന്ന് അറിയില്ല. അതോടെയാണ് നാടുവിട്ടത്. ഇതുവരെ വീട്ടുകാര്‍ ആരും ബന്ധപ്പെട്ടിട്ടില്ല. മുന്‍പരിചയത്തിന്റെ പേരിലാണ് ഇവിടെ ജോലിക്കു വന്നതെന്നൂം നൗഷാദ് പറഞ്ഞു.
നൗഷാദിനെ കാണാനില്ലെന്ന് പോലീസ് മാധ്യമങ്ങളില്‍ ലുക്കൗട്ട് നോട്ടീസ് നല്‍കിയിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട ഒരാള്‍ പോലീസിനെ വിളിച്ച് സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. ഡിഎൈസ്പി ഓഫീസിലെ പോലീസുകാരനായ ജയ്മോന് ആണ് തൊമ്മന്‍കുത്ത് ഭാഗത്തുനിന്ന് ഇന്നലെ വൈകിട്ട് എത്തി നൗഷാദിനെ കണ്ടെത്തിയതെന്ന് പോലീസ് വ്യക്തമാക്കി.






