
മരട്: ചോരക്കുഞ്ഞിനെ റോഡരികില്‍ ഉപേക്ഷിച്ച് പോലീസിനു മുന്നില്‍ നാടകം കളിച്ച് പെറ്റമ്മ. അരൂര്‍ ഇടപ്പളളി ദേശീയപാതയില്‍ കുണ്ടന്നൂര്‍ ഫോറം മാളിന് സമീപം സര്‍വ്വീസ് റോഡരികിലെ തട്ടുകടയിലാണ് പ്രസവിച്ച ഉടനെ ഉപേക്ഷിച്ചനിലയില്‍ ആണ്‍കുഞ്ഞിനെ കണ്ടെത്തിയത്. ഇന്നലെ പുലര്‍ച്ചെ ഒരു മണിക്കായിരുന്നു സംഭവം. തട്ടുകടയിലെ ബെഞ്ചില്‍ കിടത്തിയ നിലയില്‍ കുട്ടിയെ കണ്ടെത്തിയെന്ന് ഒരു യുവാവ് പോലീസിനെ അറിയിക്കുകയായിരുന്നു. ഇയാള്‍ അമ്മയുടെ സുഹൃത്താണെന്നു പോലീസ് പിന്നീടു കണ്ടെത്തി.
പുതിയകാവ് സ്വദേശി മിഥുനാണ് വിവരം പോലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചത്. എറണാകുളത്ത് കൂട്ടുകാര്‍ക്കൊപ്പം രാത്രിയില്‍ ചിലവഴിച്ച ശേഷം വീട്ടിലേക്കു മടങ്ങുംവഴി മിഥുന്‍ കുണ്ടന്നൂരിലെത്തുകയായിരുന്നുവെന്നാണ് പോലീസിനോട് പറഞ്ഞത്. മുമ്പ് ഇവിടെ വന്നു ചായ കുടിച്ചിട്ടുള്ള മിഥുന്‍ ചായ കുടിക്കാനാണ് കടയില്‍ എത്തിയതെന്നും മടങ്ങാന്‍ ശ്രമിക്കുന്നതിനിടെ കുഞ്ഞിനെ കണ്ടെത്തിയെന്നും പറയുന്നു. ഒഴിഞ്ഞ പറമ്പിലെ തട്ട് കടയ്‌ക്ക് സമീപം തെരുവ് നായ്‌ക്കള്‍ തമ്പടിക്കുന്ന സ്‌ഥലമാണ്. ഉയരമുള്ള ബെഞ്ചില്‍ കിടത്തിയത് കാരണം കുട്ടി നായ്‌ക്കളുടെ ഉപദ്രവത്തില്‍നിന്നും രക്ഷപെട്ടു. ആംബുലന്‍സ് എത്താന്‍ വൈകിയതിനാല്‍ മരട് പോലീസ് ജീപ്പില്‍ തന്നെ കുട്ടിയെ ആദ്യം മരടിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് എറണാകുളത്ത് അമ്മ തൊട്ടിലില്‍ ഏല്‍പ്പിച്ചു.
അന്വേഷണത്തില്‍ ഇടുക്കി ഉടുമ്പന്‍ചോല സ്വദേശിയായ മുപ്പത്തിരണ്ടുകാരിയാണ് അമ്മയെന്ന് പോലീസ് കണ്ടെത്തി. ഇവരുടെ ആദ്യ ഭര്‍ത്താവ് ഉപേക്ഷിച്ചു പോയതാണ്. ഇപ്പോള്‍ ഇടുക്കി സ്വദേശിയായയുവാവുമൊത്ത് ലിവിംഗ് ടുഗദറായിരുന്നു. ആദ്യ ബന്ധത്തില്‍ പതിമൂന്നുകാരിയായ മകളുള്ളത് ഇവര്‍ക്കൊപ്പം താമസിക്കുകയാണ്. കുട്ടിയെ സംരക്ഷിക്കുവാന്‍ സാധിക്കാതെ വന്നതോടെയാണ് ഇത്തരത്തില്‍ ഒരു നാടകം കളിച്ചതെന്നാണു വിവരം. അമ്മയെ പോലീസ് കസ്‌റ്റഡിയിലെടുത്തു.കുട്ടിയുടെ അമ്മയുടെ നിര്‍ദേശപ്രകാരമാണ് കുട്ടിയെ ആദ്യം കണ്ടെത്തിയെന്ന് നടിച്ച് യുവാവ് പോലീസിനെ വിളിച്ചതെന്നാണ് വിവരം. യുവാവും കുട്ടിയുടെ അമ്മയും ഒരുമിച്ച് ജോലി ചെയ്‌തവരാണെന്ന് പോലീസ് പറയുന്നു.






