
ഭരണഘടനാ അതീതമായ ശക്തികള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രവര്‍ത്തിച്ച് സാമ്പത്തിക ക്രയവിക്രയങ്ങളില്‍ ഇടപെടുന്നെന്ന ഗുരുതരമായ ആരോപണമാണ് സംസ്ഥാനത്തെ ഒരു ഐ ജി ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ ഉന്നയിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് . ഒരു സംഘം കുറെക്കാലമായി മുഖ്യമന്ത്രിയുടെ ഓഫീസ് ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ സത്യവാങ്മൂലം.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘത്തിന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറാണ്നേതൃത്വം നല്‍കിയത്. ഇപ്പോള്‍ ആ ഉപജാപക
സംഘത്തിന്റെ നേതാവ് ജയിലിലാണ്. ഇപ്പോള്‍ ആള് മാറിയെന്നേയുള്ളൂ. ആഭ്യന്തര വകുപ്പ് ഉപജാപക സംഘത്തിന്റെ
കയ്യിലാണ്. അവരാണ് പോലീസിനെ നിയന്ത്രിക്കുന്നത്. ഈ സംഘം രാഷ്ട്രീയ താല്പര്യമുള്ള കേസുകളില്‍ അനിയന്ത്രിതമായാണ് ഇടപെടുന്നത്. രാഷ്ട്രീയ എതിരാളികള്‍ക്കെതിരായ കേസുകളില്‍ ഈ സംഘം ഇടപെടുകയും അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയുമാണ്. സ്വന്തക്കാരെ സംരക്ഷിക്കാനുള്ള ഇടപെടലുകളും ഈ സംഘം നടത്തുന്നുണ്ട്.
സ്ത്രീകള്‍ തൃശൂരിലും ആലപ്പുഴയിലും അറിയപ്പെടുന്ന സി.പി.എം നേതാക്കള്‍ തങ്ങളെ അപമാനിച്ചെന്ന് പരാതി നല്‍കിയിട്ടും പാര്‍ട്ടി തന്നെ അത് പരിഹരിക്കുകയാണ്. പരാതി ലഭിച്ചാല്‍ മുഖ്യമന്ത്രിയും പാര്‍ട്ടി നേതാക്കളും അത്
പോലീസിന് കൈമാറണം. എന്നാല്‍ അതിന് തയാറാകാതെ രഹസ്യമായി ഒതുക്കിത്തീര്‍ക്കുകയാണ്. സിപിഎമ്മില്‍ സ്ത്രീകള്‍ പോലും അധിക്ഷേപിക്കപ്പെടുകയാണ്. സിപിഎമ്മില്‍ നടക്കുന്ന കേസുകള്‍ പാര്‍ട്ടി കമ്മീഷന് തീര്‍ത്താല്‍ മതിയോ? ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന സംഭവങ്ങള്‍ മറ്റൊരു രൂപത്തില്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തും നടക്കുകയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയാണ്. കേരളത്തില്‍ ഒരുകാലത്തും നടക്കാത്ത രീതിയിലുള്ള ഇടപെടലുകളാണ് പോലീസിലുണ്ടാകുന്നതെന്നും പരിതാപകരമായ നിലയിലേക്ക് കേരള പൊലീസ് എത്തിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






