
ചണ്ഡീഗഢ്: മണിപ്പൂരിന് പിന്നാലെ സംഘര്‍ഷം പുകയുന്ന ഹരിയാനയില്‍ കലാപത്തിനിടെ മരിച്ചവരുടെ എണ്ണം നാലായി. ഹരിയാനയിലെ നൂഹ് ചൗക്കിലാണ് സംഘര്‍ഷം ഉണ്ടായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമുണ്ടായ കലാപത്തില്‍ അനേകം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 80 ലധികം വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. സര്‍ക്കാര്‍ വാഹനങ്ങളടക്കം നിരവധി വാഹനങ്ങള്‍ക്ക് അക്രമികള്‍ തീയിട്ടു.
വിശ്വഹിന്ദു പരിക്ഷത്തിന്റെ ബ്രിജ് മണ്ഡല് ജലാഭിഷേക് യാത്ര നല്‍ഹാറിലെ ശിവക്ഷേത്രത്തിന് സമീപം എത്തിയപ്പോഴായിരുന്നു കലാപം ആരംഭിച്ചത്. നല്‍ഹാറില്‍ നിന്നും രാവിലെ ആയിരക്കണക്കിന് പേരുമായി തുടങ്ങിയ യാത്ര നൂഹിലേക്കായിരുന്നു പോയത്. ഇന്ത്യന്‍ വ്യോമസേന ഉള്‍പ്പെടെ അധികമായി സേനയെ വിന്യസിപ്പിച്ചിട്ടുണ്ടെന്ന് ഹരിയാന ആഭ്യന്തരമന്ത്രി അനില്‍ വിജ് പറഞ്ഞു.
നൂഹില്‍ കലാപം മൂന്ന് മണിക്കൂറോളമാണ് നീണ്ടു നിന്നത്. പല്‍വാല്‍, ഫരീദാബാദ്, ഗുര്‍ഗോണ്‍ തുടങ്ങിയ പ്രദേശങ്ങളിലും ജനക്കൂട്ടം ആക്രമണം നടത്തിയതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നഗരത്തിന്റെ തെക്കന്‍ ഭാഗത്ത് വീടുകളും വാണിജ്യസ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടു. സോഹ്നയിലും നൂഹിലുമായി 16 വാഹനങ്ങളാണ് അക്രമികള്‍ തീയിട്ടത്. ജനക്കൂട്ടം പോലീസിന് നേരെ കല്ലെറിയുകയും ചെയ്തു. ഹരിയാന സര്‍ക്കാര്‍ തിങ്കളാഴ്ച നൂഹില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
കലാപത്തെ തുടര്‍ന്ന് തിങ്കളാഴ്ച സ്കൂളുകള്‍ക്ക് പ്രഖ്യാപിച്ച അവധി ഇന്നും തുടരും. ബിജെപി നേതാവും ജില്ലാ പ്രസിഡന്റുമായ ഗാര്‍ഗി കക്കര്‍ പങ്കെടുത്ത വി.എച്ച്.പിയുടെ ബ്രിജ് മണ്ഡല് ജലാഭിഷേക യാത്രയ്ക്കിടെയാണു സംഘര്‍ഷമുണ്ടായത്. ചൊവ്വാഴ്ചയാണ് രണ്ടുപേര്‍ മരണമടഞ്ഞത്. മരണമടഞ്ഞവരില്‍ ഒരാള്‍ പാനിപ്പത്തിലെ നൂര്വാല സ്വദേശി അഭിഷേക് എന്ന 24 കാരനാണ്.
സംഘര്‍ഷത്തെ തുടര്‍ന്നു നിരവധിപ്പേര്‍ നല്‍ഹാര്‍ ക്ഷേത്രത്തില്‍ അഭയം തേടി. അഞ്ചു ജില്ലകളില്‍നിന്നുള്ള പോലീസ് സേനയെത്തിയാണു സംഘര്‍ഷത്തിന് അവസാനമുണ്ടാക്കാനുള്ള ശ്രമം നടത്തുന്നത്.
വി.എച്ച്.പി റാലിയില്‍ ബജ്റങ്ദള്‍ പ്രവര്ത്തകന് മോനു മനേസറിന്റെ സാന്നിധ്യമാണ് അക്രമത്തിന് ഇടയാക്കിയതെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്ചെയ്തു. രാജസ്ഥാനിലെ ഭരത്പുരില്‍ രണ്ട് മുസ്ലിം യുവാക്കളെ കന്നുകാലിക്കടത്ത് ആരോപിച്ചു തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ കേസില്‍ പോലീസ് തിരയുന്നയാളാണു മോനു മനേസര്‍. ഇയാള്‍ റാലിയില്‍ പങ്കെടുക്കുന്നതിനെ പ്രദേശവാസികള്‍ എതിര്‍ത്തതോടെ ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിനാണു സംഘര്‍ഷത്തിനു തുടക്കം.
ഇതോടെ ജനക്കൂട്ടം വി.എച്ച്.പിയുടെ ശോഭായാത്രയ്ക്കുനേരെ കല്ലെറിഞ്ഞു. പിന്നാലെ ഗുരുഗ്രാം -- ആള്‍വാര്‍ ദേശീയപാതയിലുള്ള നൂഹ് നഗരത്തില്‍ വ്യാപക അക്രമം ഉണ്ടാകുകയായിരുന്നു. പോലീസിന് നേരെ കല്ലേറുണ്ടായി. ജനങ്ങള്‍ വീടുകള്‍ക്കുള്ളില്‍തന്നെ കഴിയണമെന്ന് പോലീസ് നിര്‍ദേശം നല്കി. ഇതേത്തുടര്‍ന്ന് നൂഹ് നഗരത്തിലെ കടകമ്പോളങ്ങള്‍ അടച്ചു. കൊലപാതകക്കേസില്‍ പോലീസ് തെരയുന്ന മോനു മനേസര്‍ കഴിഞ്ഞ അഞ്ച് മാസമായി ഒളിവിലാണ്.
റാലിയില്‍ പങ്കെടുക്കുമെന്നു കാട്ടി അയാള്‍ വീഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു. ഇതേത്തുടര്‍ന്ന് അയാളെ അറസ്റ്റ്ചെയ്യാന്‍ രാജസ്ഥാനില്‍നിന്നുള്ള പോലീസ് സംഘം നൂഹുവില്‍ എത്തിയിരുന്നു. ഇതിനിടെയാണ് അക്രമമുണ്ടായത്. കൂടുതല്‍ പോലീസിനെ അയക്കുമെന്നും സുരക്ഷാസേനയെ ഹെലിക്കോപ്റ്റര്‍ മാര്‍ഗം പ്രദേശത്ത് എത്തിക്കാന്‍ ശ്രമിക്കുമെന്നും ഹരിയാന ആഭ്യന്തരമന്ത്രി അനില്‍ വിജ് മാധ്യമങ്ങളോട് പറഞ്ഞു.






