
ന്യൂഡല്‍ഹി : നട്ടെല്ലിന് ശസ്ത്രക്രിയ വേണമെന്ന ആവശ്യം പരിഗണിച്ച് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം. ലൈഫ് മിഷൻ കേസിൽ ദീര്‍ഘകാലമായി ജയില്‍ശിക്ഷ അനുഭവിക്കുന്ന ശിവശങ്കറിന് രണ്ടുമാസത്തേക്കാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്.മെഡിക്കൽ റിപ്പോർട്ട് പരിഗണിച്ച് ജാമ്യം അനുവദിച്ച സുപ്രീംകോടതി കസ്റ്റഡിയിൽ ശസ്ത്രക്രിയ നടത്താം എന്ന ഇഡിയുടെ വാദം തള്ളി.
ലൈഫ് മിഷൻ അഴിമതിക്കേസിൽ ആറ് മാസമായി ജയിലില്‍ കഴിയുകയാണ് ശിവശങ്കര്‍. 2023 ഫെബ്രുവരി 15 നാണ് ലൈഫ് കോഴ കേസിൽ ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്. ജാമ്യം എതിര്‍ത്ത ഇഡി സുപ്രീം കോടതിയിൽ എതിർ സത്യവാങ്മൂലം നൽകിയിരുന്നു. അന്വേഷണത്തിന് പ്രശ്നം ഉണ്ടാകുമെന്നും പ്രതികയ്ക്ക് സാക്ഷികളെ സ്വാധീനിക്കുന്നതും തെളിവുകള്‍ നശിപ്പിക്കുന്നതുമായ കാര്യങ്ങള്‍ക്ക് അവസരം കിട്ടുമെന്നും ഇഡി വാദിച്ചു.
കേസിലെ സുപ്രധാന ആളാണ് ശിവശങ്കറെന്നും വിചാരണ തുടങ്ങാനിരിക്കെ ശിവശങ്കർ പുറത്തിറങ്ങുന്നത് കേസിനെ ബാധിക്കുമെന്നും ഇ.ഡി. വാദിച്ചു. ഇതേ ആവശ്യംതന്നെ പറഞ്ഞ് സ്വർണക്കടത്തുകേസിൽ കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടിയയാളാണ് ശിവശങ്കര്‍ എന്നും ജാമ്യം നേടിയതിന് തൊട്ടു പിന്നാലെ ഇയാള്‍ ജോലിയിൽ പ്രവേശിച്ചുവെന്നും ഇ.ഡി. കോടതിയില്‍ പറഞ്ഞു. അതേസമയം സ്വപ്ന സുരേഷ് അടക്കമുളള കൂട്ടു പ്രതികളുടെ മൊഴികൾ മാത്രം കണക്കിലെടുത്താണ് ശിവശങ്കറിനെതിരെ കുറ്റം ചുമത്തിയതെന്നാണ് എതിർഭാഗം വാദിച്ചത്.






