
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ അപകടം തുടര്‍ക്കഥയായി മാറുന്നു. ഇന്ന് പുലര്‍ച്ചെ വര്‍ക്കല സ്വദേശികളുമായി പോയ ബുറാഖ് എന്ന വള്ളവും മറിഞ്ഞ് അപകടമുണ്ടായി. വള്ളത്തിലുണ്ടായിരുന്ന 16 മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി. സ്ഥലത്ത് വലിയ പ്രതിഷേധത്തിലാണ് മത്സ്യത്തൊഴിലാളികള്‍. അപകടത്തില്‍ ആറു മപര്ക്ക് പരിക്കേറ്റതായിട്ടാണ് വിവരം.
പരിക്കേറ്റവരെ ചിറയിന്‍കീഴ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രാവിലെ മത്സ്യബന്ധനത്തിനു പോകവേ ശക്തമായ തിരമാലയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു. മത്സ്യത്തൊഴിലാളികളുടെ സംയുക്തമായ തെരച്ചിലിനും മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെ ബോട്ടും ഇവിടെ തിരച്ചില്‍ നടത്തിയാണ് 16 പേരെയും രക്ഷപ്പെടുത്തിയത്. വര്‍ക്കല സ്വദേശി നൗഷാദിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ് വള്ളം. മുങ്ങിയ വള്ളം ഹാര്‍ബറിലേക്ക് മാറ്റി.
രണ്ടാഴ്ചയ്ക്കിടയില്‍ മൂന്നാം തവണയാണ് ഇവിടെ വള്ളം മറിയുന്നത്. നേരത്തേ മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് നാല് പേര് മരണമടഞ്ഞത് വന്‍ വിവാദമായിരുന്നു. പുതുക്കുറിച്ചി സ്വദേശികളായ കുഞ്ഞുമോന്, സുരേഷ് ഫെര്‍ണാണ്ടസ്, ബിജു ആന്റണി, റോബിന് എഡ്വിന് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. പുലിമുട്ടിലെ കല്ലിനിടയില്‍ കുടുങ്ങിയ നിലയിലായരുന്നു മൃതദേഹങ്ങള്‍.
ഞായറാഴ്ച നാല് പേരുമായി കടലില്‍ പോയ വള്ളം അപകടത്തില്‍ പെട്ട് ഒരാള്‍ കടലില്‍ വീണിരുന്നു. ശക്തമായ തിരയില്‍ വള്ളം മറിഞ്ഞു. കടലില്‍ വീണയാള്‍ നീന്തിക്കയറുകയും ഇയാളെ പിന്നാലെ മത്സ്യബന്ധന വകുപ്പിന്റെ ബോട്ടില്‍ ഹാര്‍ബറിലെത്തിച്ച് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കുകയും ചെയ്തു. 19 തവണയാണ് മുതലപ്പൊഴിയില്‍ അപകടമുണ്ടായതെന്നാണ് മത്സ്യത്തൊഴിലാളികള്‍ ആരോപിക്കുന്നത്.






