
പഞ്ചാബി നടിയും ടെലിവിഷന്‍ താരവുമായ ഷെഹനാസ് ഗില്‍ എന്ന അഭിനേത്രിയെ കൂടുതല്‍ ആളുകളറിഞ്ഞത് ബിഗ് ബോസിലൂടെയാണ്. ആ റിയാലിറ്റി ഷോയിലൂടെ മാത്രം ഷെഹനാസ് നേടിയത് ഒരുപാട് ആരാധകരേറെയാണ്. സ്വന്തം വീട്ടിലെ കുട്ടിയെന്ന പോലെയാണ് ഷെഹനാസിനെ ആരാധകര്‍ കാണുന്നത്. ഇപ്പോഴിതാ ജനപ്രിയ താരം ഷെഹ്നാസ് ഗില്‍ തന്റെ സഹോദരന് വിലകൂടിയ പുതു പുത്തന്‍ മെര്‍സിഡീസ് ബെന്‍സ് E-ക്ലാസ് കാര്‍ വാങ്ങിക്കൊടുത്തിരിക്കുകയാണ്. ഷോറൂമില്‍ നിന്ന് ഒരു ബ്ലാക്ക് നിറത്തിലുള്ള മെര്‍സിഡീസ് ബെന്‍സ് E-ക്ലാസ് കാര്‍ ഡെലിവറി ചെയ്യുന്നതിന്റെ ഫോട്ടോകളും വീഡിയോകളും നടി ഷെഹ്നാസ് ഗില്ലിന്റെയും സഹോദരന് ഷെഹ്ബാസ് ഗില്ലിന്റെയും ഇന്‍സ്റ്റാഗ്രാം പേജുകളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്രയും വിലപിടിപ്പുള്ള സമ്മാനം നല്കിയ സഹോദരിക്ക് നന്ദിയര്‍പ്പിച്ച് കൊണ്ട് ഷഹബാസ് ഗില്ലും ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കാര്‍ ഡെലിവറി എടുക്കുന്നതിന്റെ വീഡിയോയുമുണ്ട്.
സ്വന്തം നാടായ ചണ്ഡീഗഡിലെ മെര്‍സിഡീസ് ബെന്‍സ് ഡീലര്‍ഷിപ്പില്‍ നിന്ന് കേക്ക് മുറിച്ച ശേഷമാണ് ഷെഹ്ബാസ് ഗില്‍ പുതിയ E-ക്ലാസ് സ്വീകരിച്ചത്. കാറിന്റെ താക്കോല്‍ ഏറ്റുവാങ്ങിയ ശേഷം ഷെഹബാസ് ഗില്‍ തന്നെ കാര്‍ ഷോറൂമിന്റെ വെളിയിലേക്ക് സ്വയം ഓടിച്ച് കൊണ്ടുവരികയായിരുന്നു. ഈ വീഡിയോയ്ക്ക് ശേഷം ഷെഹ്ബാസ് ഗില്‍ തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ മറ്റൊരു റീല്‍ വീഡിയോ പങ്കുവച്ചു. കാര്‍ ഡെലിവറി എടുക്കുന്നതിന് മുമ്പ് സമര്‍പ്പിക്കേണ്ട രേഖകള്‍ ഈ റീല്‍ വീഡിയോയില്‍ കാണിക്കുന്നു. തനിക്ക് കാര്‍ സമ്മാനിച്ച തന്റെ സഹോദരി ഷെഹ്നാസ് ഗില്ലിനെ പ്രശംസിച്ചുകൊണ്ട് ഷെഹ്ബാസ് ഗില്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. തന്റെ പുതിയ സന്തതസഹചാരിക്കൊപ്പം പോസ് ചെയ്യുന്ന ഷെഹ്ബാസിനെ വീഡിയോയില്‍ കാണാം.






