
തിരുവനന്തപുരം: മിത്ത് വിവാദത്തില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് മലക്കംമറിഞ്ഞത് എന്‍.എസ്.എസിനു പിന്നാലെ ശിവഗിരി മഠവും പ്രതിഷേധവുമായെത്തിയതോടെ. ഗണപതി മിത്താണെന്നും അല്ലാഹു മിത്തല്ലെന്നും താന്‍ പറഞ്ഞിട്ടില്ലെന്നാണു ഗോവിന്ദന്റെ വിശദീകരണം.
സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ ഗണപതി പരാമര്‍ശത്തിനെതിരേ എന്‍.എസ്.എസ്. ശക്തമായ പ്രതിഷേധമുയര്‍ത്തിയെങ്കിലും എസ്.എന്‍.ഡി.പി. യോഗം വ്യക്തമായ നിലപാടെടുത്തിരുന്നില്ല. അതുകൊണ്ടുതന്നെ അവരുടെ പിന്തുണയുണ്ടെന്ന കണക്കുകൂട്ടലിലാണു ഷംസീര്‍ പറഞ്ഞതില്‍ തെറ്റില്ലെന്നു സി.പി.എം. നിലപാടെടുത്തത്. എന്നാല്‍ ശിവഗിരി മഠം പ്രതിഷേധവുമായി രംഗത്തുവന്നതോടെ കണക്കുകൂട്ടല്‍ പാളി.
ഗണപതി മിത്താണോയെന്ന ചോദ്യത്തിന്, അല്ലാതെ ശാസ്ത്രമാണോ എന്നായിരുന്നു തിരുവനന്തപുരത്തെ പത്രസമ്മേളനത്തില്‍ ഗോവിന്ദന്റെ പ്രതികരണം. എന്നാല്‍, ഡല്‍ഹിയിലെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞതു വിഴുങ്ങി. പരശുരാമന് മഴുവെറിഞ്ഞ് േകരളം സൃഷ്ടിച്ചെന്ന ഐതിഹ്യം മിത്താണെന്നാണു പറഞ്ഞതെന്ന് ഗോവിന്ദന് ഡല്‍ഹിയില്‍ തിരുത്തി.
ശിവഗിരി മഠത്തിന്റെ നിലപാടില്‍ എസ്.എന്‍.ഡി.പി. യോഗവും ആശങ്കയിലാണ്. വിവാദത്തിന്റെ തുടക്കത്തില്‍ പ്രതികരിക്കാതിരുന്നതിനോട് സമുദായത്തില്‍ കടുത്ത അമര്‍ഷമുണ്ട്. അതേസമയം, എന്‍.എസ്.എസിനു പിന്നാലെ ശിവഗിരി മഠത്തിന്റെ നിലപാടില്‍ പ്രതീക്ഷയര്‍പ്പിച്ചാണു ബി.ജെ.പിയുടെ നീക്കം.
ഗണപതി വിവാദത്തില്‍ അമ്മമാര്‍ പ്രക്ഷോഭരംഗത്തിറങ്ങണമെന്നാണു സംസ്ഥാനാധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ ആഹ്വാനം. ശബരിമല പ്രക്ഷോഭത്തില്‍ തല്ലുകൊണ്ടതും ജയിലില്‍ പോയതും ബി.ജെ.പി. പ്രവര്‍ത്തകരാണ്. എന്നാല്‍, തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്തതു മറ്റ് ചിലരാണെന്നും സുരേന്ദ്രന് ചൂണ്ടിക്കാട്ടുന്നു.






