
ഗുവാഹത്തി: ഹിജാബ് ധരിച്ച് എത്തിയ പെണ്‍കുട്ടികളെ സ്കൂളില്‍ പ്രവേശിക്കുന്നത് തടഞ്ഞതിനെ എതിര്‍ത്ത പത്താംക്ലാസ്സ് വിദ്യാര്‍ത്ഥിയെ ത്രിപുരയിലെ വലതുപക്ഷ ഗ്രൂപ്പില്‍ പെട്ടവര്‍ തല്ലിച്ചതച്ചതായി റിപ്പോര്‍ട്ട്. സ്കൂളിന് മുന്നിലൂടെ മര്‍ദ്ദിച്ച് നിലത്തുകൂടി വലിച്ചിഴച്ചെന്നും ആരും രക്ഷിക്കാന്‍ വന്നില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.
സംഭവത്തെ തുടര്‍ന്ന് സെപാഹിജാല ജില്ലയിലെ ബിഷാല്‍ഗഡ് സബ്ഡിവിഷന് പ്രദേശത്ത് സംഘര്‍ഷം ഉടലെടുത്തു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് പോലീസ് അറിയിച്ചു. സ്കൂളുമായി ഒരു ബന്ധവുമില്ലാത്ത പുറത്തുനിന്നും വന്നവരാണ് അക്രമികള്‍ എന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഒരാഴ്ച മുമ്പ്, വിശ്വഹിന്ദു പരിക്ഷത്തുമായ ബന്ധമുള്ള പൂര്‍വ വിദ്യാര്‍ത്ഥികളുടെ ഒരു കൂട്ടം ചില പൂര്‍വ വിദ്യാര്‍ത്ഥികള്‍ പെണ്‍കുട്ടികളെ സ്കൂള്‍ വളപ്പില്‍ ഹിജാബ് ധരിക്കുന്നത് സംബന്ധിച്ച് ആശങ്ക ഉന്നയിച്ചിരുന്നു. ഇത് നിര്‍ദ്ദിഷ്ട സര്‍ക്കാര്‍ യൂണിഫോം പാലിക്കല്‍ അല്ലെന്നും അത് നിരോധിക്കാന്‍ സ്കൂള്‍ ഹെഡ്മാസ്റ്ററോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഇതനുസരിച്ച് ഇത്തരമൊരു ചട്ടത്തെക്കുറിച്ച് ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പില്‍ നിന്ന് വ്യക്തമായ നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്തതിനാല്‍, സ്കൂളില്‍ ഹിജാബ് ധരിക്കരുതെന്ന് ഹെഡ്മാസ്റ്റര് വിദ്യാര്‍ത്ഥികളോട് വാക്കാല്‍ പറയുകയും ചെയ്തിരുന്നു.
സംഭവത്തിന്റെ വിവരം ചില സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്ത് വന്നിരിക്കുന്ന സാഹചര്യത്തില്‍ ഇതൊരു വര്‍ഗീയ പ്രശ്നമല്ലെന്ന് പറഞ്ഞ് പോലീസ് രംഗത്ത് വന്നിട്ടുണ്ട്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം തുടരുകയാണെന്നും ട്വീറ്റ് ചെയ്തു. പ്രദേശത്ത് കനത്ത പോലീസ് വിന്യാസമുണ്ട്, വ്യത്യസ്ത സമുദായങ്ങളിലെ അംഗങ്ങളും ജനസമ്മിശ്ര പ്രദേശവും ആയതിനാല്‍ സ്ഥിതിഗതികള്‍ സുരക്ഷയുടെ ഭാഗമായി മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ ക്ലാസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.






