
ഗുര്ഗോണ്: നൂഹില് ജൂലൈ അവസാനത്തോടെ ഉണ്ടായ ഏറ്റുമുട്ടലുകള്ക്ക് പിന്നാലെ ദക്ഷിണ ഹരിയാനയിലെ സ്ഥലങ്ങളില് ന്യൂനപക്ഷ വിഭാഗത്തിലെ വ്യാപാരികള്ക്ക് പ്രവേശനം നിഷേധിക്കാന് ആവശ്യപ്പെട്ട് കത്തുകള് പ്രചരിക്കുന്നു. മൂന്ന് ജില്ലകളിലെ 50 പഞ്ചായത്തുകളിലാണ് ഏതാനും ദിവസങ്ങളായി കത്ത് പുറത്തുവരുന്നത്. ന്യൂനപക്ഷ വിഭാഗത്തില് പെടുന്ന വ്യാപാരികളെ പ്രവേശിപ്പിക്കരുത് എന്ന രീതിയിലാണ് കത്തുകളിലെ സൂചനകളെന്നാണ് വിവരം. ദേശീയമാധ്യമങ്ങളാണ് വാര്ത്ത പുറത്തുവിട്ടിരിക്കുന്നത്.
റെവാരി, മഹേന്ദര്ഗര്, ജജ്ജാര് ജില്ലകളിലെ പഞ്ചായത്തുകളിലാണ് കത്തുകള് പ്രചരിക്കുന്നത്. കത്തുകളില് ഒപ്പിട്ടിരിക്കുന്നത് സര്പാഞ്ചുകളാണ്. ഗ്രാമത്തില് താമസിക്കുന്ന ന്യൂനപക്ഷ വിഭാഗത്തിലെ വ്യക്തിവിവരവുമായി ബന്ധപ്പെട്ട രേഖകള് പോലീസിന് സമര്പ്പിക്കാനും കത്തിലുണ്ട്. മിക്ക ഗ്രാമങ്ങളിലും ന്യുനപക്ഷ വിഭാഗത്തില് നിന്നുള്ളവര് ഇല്ല. ഉള്ളവരില് ചിലര് മൂന്നോ നാലോ തലമുറകളായി അവിടെ ജീവിക്കുന്നവരുമാണ്.
ആരുടേയും മതവികാരം വ്രണപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും കത്തില് പറയുന്നു. അതേസമയം കത്തിന്റെ പകര്പ്പുകള് ഒന്നുപോലും തനിക്ക് കിട്ടിയിട്ടില്ലെന്നാണ് ജില്ലാ മജിസ്ട്രേറ്റ് മനോജ്കുമാര് പറഞ്ഞതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്ട്ട് ചെയ്യുന്നു. എന്നാല് സാമൂഹ്യമാധ്യമങ്ങളില് ഇത് കണ്ടതിനെ തുടര്ന്ന് എല്ലാ പഞ്ചായത്തുകള്ക്ക് കാരണംകാണിക്കല് നോട്ടീസ് അയയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇത്തരം കത്തുകള് നിയമവിരുദ്ധമാണെന്നും ഏതെങ്കിലും പഞ്ചായത്തില് നിന്നും ഇത്തരം കത്തുകള് തങ്ങള്ക്ക് കിട്ടിയിട്ടില്ലെന്നും പറഞ്ഞു. ഗ്രാമത്തിലെ ജനസംഖ്യയില് ന്യൂനപക്ഷക്കാര് രണ്ടുശതമാനം പോലുമില്ല. എല്ലാവരും ജീവിക്കുന്നത് ഐക്യത്തിലാണെന്നും ഇത്തരം നോട്ടീസുകള് പ്രശ്നമുണ്ടാക്കാനേ ഉപകരിക്കൂ എന്നും അദ്ദേഹം പറയുന്നു. സെയ്ദപൂരാണ് കത്ത് ആദ്യം പുറത്തിറക്കിയത്. മറ്റുള്ളവര് ഇത് പിന്തുടരുകയായിരുന്നു. മഹേന്ദര്ഗറിലെ അകാലി ബ്ളോക്കില് 35 എണ്ണമാണ് വിതരണം ചെയ്തത്.







Comments